huse

കൊല്ലം: കോടതി സമുച്ചയ നിർമ്മാണത്തിനായി പൊളിച്ചുനീക്കുന്ന എൻ.ജി.ഒ ക്വാട്ടേഴ്സിലെ ഫ്ലാറ്റുകൾ ആദ്യം നിർമ്മിക്കണമെന്ന് ജീവനക്കാർ. കോടതി സമുച്ചയത്തിന് ക്വാട്ടേഴ്സ് വിട്ടുനൽകില്ലെന്ന നിലപാടിലായിരുന്നു നേരത്തെ സർവീസ് സംഘടനകളും ക്വാട്ടേഴ്സിലെ താമസക്കാരും. മുഖ്യമന്ത്രി പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് പുതിയ ഫ്ലാറ്റുകൾ ആദ്യം നിർമ്മിക്കണമെന്ന നിലപാടിലേക്ക് ജീവനക്കാർ മാറിയത്.

മൂന്നര ഏക്കറോളം വരുന്ന എൻ.ജി.ഒ ക്വാട്ടേഴ്സ് വളപ്പിലെ 41 ക്വാട്ടേഴ്സുകൾ പലയിടത്തായി ചിതറിക്കിടക്കുകയാണ്. ഇവ പൊളിച്ചുനീക്കിയ ശേഷം ഒരു ഭാഗത്ത് ജീവനക്കാർക്ക് പുതിയ 80 ഫ്ലാറ്റുകൾ നിർമ്മിച്ച് നൽകാനാണ് സർക്കാർ അലോചന. ഇതിന്റെ വിശദരൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി വരികയാണ്. പുതിയ ഫ്ലാറ്റ് നിർമ്മാണത്തിനായി സർക്കാർ 20 കോടി ഇത്തവണത്തെ ബഡ്ജറ്റിൽ അനുവദിച്ചിരുന്നു.

എൻ.ജി.ഒ ക്വാട്ടേഴ്സിന്റെ ഒരു ഭാഗത്തിന് പുറമേ തൊട്ടടുത്തുള്ള നഗരസഭയുടെയും വാട്ടർ അതോറിറ്റിയുടെയും സ്ഥലം ഏറ്റെടുത്താണ് സർക്കാർ കോടതി സമുച്ചയ നിർമ്മാണത്തിനായി ജുഡീഷ്യറിക്ക് കൈമാറുന്നത്. നിലവിലെ ക്വാട്ടേഴ്സുകൾ പൊളിച്ച് നീക്കി കോടതി സമുച്ചയ നിർമ്മാണം ആരംഭിച്ച് കഴിഞ്ഞാൽ പുതിയ ഫ്ലാറ്റ് നിർമ്മാണം സർക്കാർ ഉപേക്ഷിക്കുമോയെന്ന ആശങ്കയിലാണ് ജീവനക്കാർ.

 ഞങ്ങളെ ആദ്യം പരിഗണിക്കണം

കോടതി സമുച്ചയത്തിനായി താമസ സ്ഥലം ഒഴിയേണ്ടി വരുന്ന ഞങ്ങൾക്ക് ആദ്യം പുതിയ ഫ്ലാറ്റുകൾ നിർമ്മിച്ച് നൽകണം. പല വികസനപദ്ധതികൾക്കും സ്ഥലം വിട്ടുനൽകിയവർ പെരുവഴിയിലായിട്ടുണ്ട്. ഈ സമീപനം ഞങ്ങളോട് സ്വീകരിക്കരുത്.

അനീഷ് കുമാർ (പ്രസിഡന്റ്),

ബി. ഉമേഷ് (സെക്രട്ടറി )

എൻ.ജി.ഒ ക്വാട്ടേഴ്സ് വെൽഫെയർ

അസോസിയേഷൻ