കൊല്ലം: മിൽമ ഉൽപന്നങ്ങൾക്ക് വിലവർദ്ധന അനിവാര്യമാണെന്ന് തിരുവനന്തപുരം മേഖലാ ചെയർമാൻ കല്ലട രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാലുടനെ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
കാലിത്തീറ്റയുടെ വിലവർദ്ധിച്ചത് കർഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്. വിലവർദ്ധനവുണ്ടായില്ലെങ്കിൽ കർഷകർ കൊഴിഞ്ഞുപോകും. ഈ മാസവും അടുത്തമാസവും മിൽമ കാലിത്തീറ്റയ്ക്ക് നൂറുരുപ സബ്സിഡി ഏർപ്പെടുത്താൻ തിരുവനന്തപുരം മേഖലാ യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. പ്രളയം വന്നില്ലായിരുന്നെങ്കിൽ പാലുൽപ്പാദനത്തിൽ കേരളം സ്വയം പര്യാപ്തതയിലെത്തുമായിരുന്നു. ഓണത്തിന് കേരളത്തിൽ പാൽ ക്ഷാമം ഉണ്ടാകില്ലെന്നും കർണാടകയിൽ നിന്ന് ആവശ്യത്തിന് പാൽ സംസ്ഥാനത്ത് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷം തിരുവനന്തപുരം മേഖലയിൽ ശരാശരി പാൽ സംഭരണം 3.3 ലക്ഷം ലിറ്ററായിരുന്നു. മുൻ വർഷത്തെക്കാൾ 3.5 ശതമാനം വർദ്ധനവ്. ഇതേ കാലയളവിൽ പ്രതിദിന പാൽ വിപണനം 4.89 ലക്ഷം ലിറ്ററായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ തിരുവനന്തപുരം മേഖലാ യൂണിയന്റെ വിറ്റുവരവ് 892.37 കോടിയിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു.
നന്ദിയോട് രാജൻ
സ്മാരക പുരസ്‌ക്കാരം
പി.ടി ഗോപാലക്കുറുപ്പിന്
ക്ഷീരമേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് തിരുവനന്തപുരം മേഖലാ യൂണിയൻ നൽകിവരുന്ന നന്ദിയോട് രാജൻ സ്മാരക പുരസ്‌ക്കാരത്തിന് മിൽമാ മുൻ ചെയർമാൻ പി.ടി ഗോപാലക്കുറുപ്പിനെ തിരഞ്ഞെടുത്തു. 25000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌ക്കാരം ആഗസ്റ്റ് മൂന്നിന് രാവിലെ 10ന് കൊല്ലം സി. കേശവൻ സ്മാരക ടൗൺഹാളിൽ ചേരുന്ന യുണിയൻ വാർഷിക പൊതുയോഗത്തിൽ മന്ത്റി കെ രാജു സമ്മാനിക്കും. ചടങ്ങിൽ യുണിയൻ ചെയർമാൻ കല്ലട രമേശ്, ദേശീയ സഹകരണ ഡയറി ഫെഡറേഷൻ ചെയർമാൻ മംഗൾ ജിത്ത് റായി, മിൽമ ചെയർമാൻ പി. ബാലൻ മാസ്റ്റർ, ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. രാജൻ,ദേശീയ സഹകരണ ഡയറി ഫെഡറേഷൻ ഡയറക്ടർ കെ.സി സുപേക്കർ തുടങ്ങിയവർ പങ്കെടുക്കും.