karikkadi

കൊല്ലം: ഒന്നര മാസത്തോളം നീണ്ട ട്രോളിംഗ് നിരോധനത്തിന്റെ ചങ്ങലകളഴിച്ച് ചാകര തേടി പോയ ബോട്ടുകളെ കടലാഴങ്ങൾ വേണ്ടത്ര കനിഞ്ഞില്ല. ട്രോളിംഗ് നിരോധനത്തിന് ശേഷമുള്ള ആദ്യ ദിനത്തിൽ സാധാരണ ലഭിക്കുന്നത്ര മത്സ്യം ഇന്നലെ ലഭിച്ചില്ലെന്നാണ് മത്സ്യതൊഴിലാളികളും ബോട്ടുടമകളും പറയുന്നത്. ബുധനാഴ്ച രാത്രി 12ന് നീണ്ടകരയിൽ നിന്ന് പുറപ്പെട്ട ബോട്ടുകൾ ഇന്നലെ രാവിലെ മുതൽ മടങ്ങിയെത്തി തുടങ്ങി. കൂടുതലായി ലഭിച്ചത് കരിക്കാടി കൊഞ്ചാണ്.

ഞണ്ട്, നങ്ക്, ഉലുവ തുടങ്ങിയ മത്സ്യങ്ങളും ലഭിച്ചു. 3000 മുതൽ 6000 രൂപ വരെയാണ് ഒരു കുട്ട കരിക്കാടി കൊഞ്ചിന് ലേലത്തിൽ ശരാശരി വില ലഭിച്ചത്. വലിയ ബോട്ടുകൾ ഇന്നും നാളെയുമായി തിരികെ എത്തും. ചാകരക്കോളുമായി കൂറ്റൻ ബോട്ടുകൾ എത്തുന്നതോടെ തുറമുഖവും അനുബന്ധ മേഖലകളും സജീവമാകുമെന്നാണ് മത്സ്യതൊഴിലാളികളുടെ പ്രതീക്ഷ. മത്സ്യബന്ധന യാനങ്ങളുടെ ലൈസൻസ് ഫീസ് ഉയർത്തിയതിന്റെ പ്രതിഷേധം മത്സ്യബന്ധന മേഖലയിൽ തുടരുകയാണ്. ലൈസൻസ് ഫീസിന്റെ കൂറ്റൻ വർദ്ധനയ്ക്കെതിരെ വരും ദിനങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്നാണ് തൊഴിലാളികളും ബോട്ടുടമകളും പറയുന്നത്.

തുറമുഖത്ത് കടക്കാൻ കടലിന്റെ മക്കളും കൊടുക്കണം കാശ്

നീണ്ടകര മത്സ്യബന്ധന തുറമുഖത്ത് പ്രവേശിക്കാൻ മത്സ്യതൊഴിലാളികളും പണം നൽകണമെന്ന തീരുമാനത്തിനെതിരെ മണിക്കൂറുകളോളം തൊഴിലാളികളുടെ വൻപ്രതിഷേധം. കാൽനടയായി പ്രവേശിക്കുന്നവർക്ക് അഞ്ച് രൂപ, സൈക്കിളുകൾക്ക് 10 രൂപ, ബൈക്കിന് 15 രൂപ, വലിയ വാഹനങ്ങൾക്ക് 25 രൂപ മുതൽ മുകളിലേക്ക് എന്ന ക്രമത്തിലാണ് ഇന്നലെ മുതൽ നടപ്പിൽ വരുത്തിയ പുതിയ നിരക്ക്. നിരക്ക് വർധനയ്ക്കെതിരെ തൊഴിലാളികളുടെ പ്രതിഷേധം ശക്തമായപ്പോൾ ഈ മാസം 9 വരെ പഴയ നിരക്ക് തുടരാൻ ധാരണയായി. 7ന് നിരക്ക് വർദ്ധന ചർച്ച ചെയ്യാൻ തൊഴിലാളികളുടെ പ്രത്യേക യോഗം ചേരും. മത്സ്യബന്ധന തുറമുഖത്ത് പ്രവേശിക്കാൻ തൊഴിലാളികളിൽ നിന്ന് പണം ഈടാക്കാൻ തീരുമാനിച്ച സംസ്ഥാനത്തെ ആദ്യ തുറമുഖമാണ് നീണ്ടകരയിലേതെന്ന് തൊഴിലാളികൾ ആരോപിച്ചു.