2
എഴുകോൺ മേൽപ്പാലത്തിലെ നടപ്പാത പൊട്ടിപ്പൊളിഞ്ഞ് കാടുമൂടിയ നിലയിൽ

എഴുകോൺ: എഴുകോൺ റെയിൽവേ മേൽപ്പാലത്തിന്റെ ഫുഡ്പാത്ത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കൊല്ലം - തിരുമംഗലം ദേശീയ പാതയിൽ കുമാർ ബാങ്ക് ജംഗ്ഷനിൽ കൊല്ലം ചെങ്കോട്ട റെയിൽ പാതയ്ക്ക് കുറുകെയുള്ള മേൽപ്പാലത്തിലെ ഫുഡ്‌പാത്താണ് കോൺക്രീറ്റ് സ്ലാബുകൾ ഇളകി കാടുകയറി നശിച്ചത്. ഇതാണ് യാത്രക്കാരെ വലയ്ക്കുന്നത്. ദിവസേനെ നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന മേൽപ്പാലത്തിൽ കാൽനട യാത്രക്കാർ ഫുഡ്‌പാത്ത് വിട്ട് റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്.

പേടിയോടെ കാൽനട യാത്രക്കാ‌ർ

വാഹനങ്ങൾ ചീറിപ്പാഞ്ഞ് വരുന്നതിനാൽ കാൽനട യാത്രക്കാർ ഭീതിയോടെയാണ് റോഡിലൂടെ നടക്കുന്നത്. പാലം മുറിച്ച് കടക്കുന്നവരെ വാഹനങ്ങൾ തട്ടുന്നതും അപകടങ്ങളുണ്ടാകുന്നതും ഇവിടെ നിത്യസംഭവമാണ്. റോഡ് നവീകരണത്തിന്റെ ഭാഗമായി മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡിന്റെ വശങ്ങളിൽ ക്രാഷ് ബാരിയർ സ്ഥാപിക്കാനുള്ള നടപടി എങ്ങുമെത്തിയിട്ടില്ലെന്ന് യാത്രക്കാർ പറയുന്നു. റോഡ് ടാറിംഗ് പൂർത്തിയായിട്ടും വശങ്ങൾ മണ്ണിട്ട് ഉയർത്തുന്ന ജോലിയും ( ഷോൾഡർ ഫില്ലിംഗ്) പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.