കൊല്ലം: കൂട്ടിക്കട റെയിൽവേ ഗേറ്റ് മൂലം ഗതാഗതക്കുരുക്കിൽ കുടുങ്ങി കൃത്യസമയത്ത് ആശുപത്രിയിലെത്താനാകാതെ സ്ഥിരമായി കിടപ്പിലായ നിരവധി പേർ കൂട്ടിക്കടയിലും പരിസര പ്രദേശങ്ങളിലുമുണ്ട്. ജീവന് വേണ്ടിയുള്ള പാച്ചിലുകളെ പോലും സഡൻ ബ്രേക്കിട്ടത് പോലെ പിടിച്ചുനിറുത്തുന്ന ലക്ഷ്മണരേഖയായി സ്ഥിതിചെയ്യുകയാണ് ഈ ലെവൽക്രോസ്.
ഗോൾഡൻ അവർ നഷ്ടമാക്കാതെ കൂട്ടിക്കട ഗേറ്റിനിപ്പുറമുള്ള സ്വകാര്യ ആശുപത്രിയിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കാനാണ് അപകടങ്ങളിൽപ്പെട്ടവരും ഹൃദയാഘാതം സംഭവിച്ചരുമായൊക്കെ ഗേറ്റിനപ്പുറമുള്ളവർ ഇവിടേക്ക് പായുന്നത്. പക്ഷെ പലപ്പോഴും ഗേറ്റിന് മുന്നിൽ വാഹനങ്ങളുടെ നീണ്ട നിരയായിരിക്കും. ഇതിനിടയിലൂടെ രോഗികളെ ചുമന്ന് കൊണ്ടുപോകുന്നത് ഇവിടത്തെ പതിവ് കാഴ്ചയാണ്. ഇങ്ങനെ തൊട്ടടുത്ത ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും രോഗിയുടെ സ്ഥിതി കൂടുതൽ രൂക്ഷമായിരിക്കും. ഇത്തരത്തിൽ എന്നെന്നേക്കുമായി കിടപ്പിലായവരുടെയും ജീവൻ നഷ്ടമായവരുടെയും കഥകൾ കൂട്ടിക്കട ഗേറ്റിനപ്പുറമുള്ള നൂറുകണക്കിന് വീട്ടുകാർക്ക് പറയാനുണ്ട്.
'' ലെവൽക്രോസ് അടയ്ക്കുമ്പോൾ കൂട്ടിക്കട ജംഗ്ഷനോട് ചേർന്നുള്ള വീട്ടുകാർക്ക് പുറത്ത് പോലും ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഈസമയങ്ങളിൽ വാഹനങ്ങൾ തിങ്ങിഞെരുങ്ങിയാകും വീടുകൾക്ക് മുന്നിൽ കിടക്കുക. വാഹനങ്ങളിൽ മറ്റ് സ്ഥലങ്ങളിലേക്ക് പോകേണ്ടവരുടെ യാത്രയും മുടങ്ങും. എത്രയും വേഗം ഈ പ്രശ്നത്തിന് പരിഹാരം കാണണം''
കെ. ഓമനക്കുട്ടൻ, (റിട്ട എസ്.ഐ, കൂട്ടിക്കട സ്വദേശി)
'' ട്രാക്ക് വോളണ്ടിയർ എന്ന നിലയിൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ പലരും വിളിക്കാറുണ്ട്. ഇവരെ കൊണ്ടുവരുന്നതിനിടെ പലതവണ ഗേറ്റിന് മുന്നിൽ പെട്ടിട്ടുണ്ട്. ആശുപത്രിയിലെത്തിക്കേണ്ട ഗോൾഡൻ അവർ ഗേറ്റിന് മുന്നിൽ നഷ്ടമായി നിരവധി പേർ മരണപ്പെട്ടിട്ടുണ്ട്. അതിലേറെപ്പേർ ഇപ്പോഴും കിടപ്പിലാണ്.''
മഹേഷ് (ട്രാക്ക് വോളന്റിയർ)