കൊട്ടിയം: തനിച്ച് താമസിക്കുന്ന മുതിർന്ന പൗരൻമാർക്ക് സഹായവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി കൊല്ലം സിറ്റി പൊലീസ് ഏർപ്പെടുത്തിയ ബെൽ ഒഫ് ഫെയ്‌ത്ത് പദ്ധതിക്ക് കൊട്ടിയം ജനമൈത്രി പൊലീസ് സ്റ്റേഷൻ പരിധിയിൽ തുടക്കമായി. പരസഹായമില്ലാതെ കഴിയുന്ന മുതിർന്ന പൗരന്മാർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
പരസഹായമില്ലാതെ കഴിയുന്ന മുതിർന്ന പൗരന്മാർ താമസിക്കുന്ന വീടിന് നൂറ് മീറ്റർ ചുറ്റളവിൽ സേവനസന്നദ്ധതയുള്ള ഒരു കുടുംബത്തെ കണ്ടെത്തിയ ശേഷം പൊലീസ് ആ വീട്ടിൽ കൺട്രോൾ യൂണിറ്റ് സ്ഥാപിക്കും. യൂണിറ്റിന്റെ റിമോട്ട് മുതിർന്ന പൗരനെയും ഏൽപ്പിക്കും. ആവശ്യഘട്ടത്തിൽ റിമോട്ടിലെ സ്വിച്ചിൽ വിരലമർത്തുന്നതോടെ കൺട്രോൾ യൂണിറ്റിൽ വലിയ ശബ്‌ദമുയരും. ഇതോടെ കൺട്രോൾ യൂണിറ്റ് സ്ഥാപിച്ച കുടുംബത്തിലുള്ളവർക്ക് വേണ്ട സഹായങ്ങൾ നൽകാനും ആവശ്യമെങ്കിൽ പൊലീസിനെ അറിയിക്കാനും സാധിക്കും.
ആദ്യഘട്ടത്തിൽ കൊട്ടിയം പൊലീസ് സ്റ്റേഷൻ പരിധിയിലെ ആറ് മുതിർന്ന പൗരന്മാരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ചാത്തന്നൂർ എ.സി.പി ജോർജ് കോശി, കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ ദിലീഷ് എന്നിവരുടെ മേൽനോട്ടത്തിൽ കൊട്ടിയം എസ്.ഐ തൃദീപ് ചന്ദ്രന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം മുതിർന്ന പൗരന്മാരുടെ വീടുകളിലെത്തി ഉപകരണങ്ങൾ കൈമാറുകയും പ്രവർത്തനം വിശദീകരിച്ച് കൊടുക്കുകയും ചെയ്തു.