kpsta
കെ.പി.എസ്.​ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടന്ന പ്രതിഷേധ പ്രകടനം

കൊല്ലം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി മെഡിസെപ്പിലെ അപാകതകൾക്കെതിരെ കേരളാ പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.​ടി.എ) ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു.
ആഗസ്​റ്റ് 15 മുതൽ സർക്കാർ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച മെഡിസെപ്പ് പദ്ധതിയിൽ കേരളത്തിലാകമാനമുള്ള 88 ആശുപത്രികളെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ തന്നെ ബഹുഭൂരിപക്ഷം ആശുപത്രികളിലും ആധുനിക ചികിത്സാ സംവിധാനങ്ങൾ നിലവിലില്ല. നൂതന ചികിത്സാരംഗത്ത് മുൻനിരയിലുള്ള സർക്കാർ മെഡിക്കൽ കോളേജുകളെയും ആധുനിക ചികിത്സാ സംവിധാനങ്ങളുള്ള മുൻനിര സ്വകാര്യ ആശുപത്രികളെയും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കെ.പി.എസ്.​ടി.എ ജില്ലാ കമ്മി​റ്റി ആവശ്യപ്പെട്ടു.
പ്രതിഷേധ കൂട്ടായ്മ സംസ്ഥാന സെക്രട്ടറി പി.ഒ. പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.എൻ. പ്രേംനാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ. ഹാരീസ്, ബി. ജയചന്ദ്രൻപിള്ള, പരവൂർ സജീബ്, എസ്. ജയ, സുരേന്ദ്രനാഥ്, പി.എ. സജിമോൻ, ശ്രീഹരി എന്നിവർ സംസാരിച്ചു. പ്രകടനത്തിന് സി. സാജൻ, ശാന്തകുമാർ, പി.എസ്. മനോജ്, വിനോദ് പിച്ചിനാട്, ബാബു, ശ്രീകുമാരൻ, ഷാജൻ സക്കറിയ, സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.