കിഴക്കേകല്ലട: കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിന്റെ ചിറ്റുമല ബംഗ്ലാംചരുവിൽ പ്രവർത്തിക്കുന്ന ആയൂർവേദ ആശുപത്രിയിലും പരിസരങ്ങളിലും സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും ശല്യം രൂക്ഷമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം ഇവിടെ ചികിത്സയ്ക്കെത്തിയ രോഗി മദ്യപാനികളുടെ തെറിയഭിഷേകത്തിന് ഇരയാകേണ്ടി വന്നതോടെ നാട്ടുകാർ പ്രതിഷേധത്തിലാണ്.
പഞ്ചായത്തിന്റെ ഒഴിഞ്ഞകോണിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് ചിറ്റുമല ജംഗ്ഷനിൽ നിന്ന് ഒന്നര കിലോമീറ്ററോളം ദൂരമുണ്ട്. ചിറ്റുമലയിൽ നിന്ന് മിക്ക രോഗികളും ഓട്ടോയിലാണ് ഇവിടെ എത്തുന്നത്. പലപ്പോഴും സാമൂഹ്യവിരുദ്ധർ ഓട്ടോ വരുമ്പോൾ വഴി മാറിക്കൊടുക്കാറില്ലെന്ന് പരാതിയുണ്ട്. ഇതുസംബന്ധിച്ച് ഒട്ടോ ഡ്രൈവർമാരുമായി മിക്കപ്പോഴും തർക്കങ്ങളും പതിവാണ്. രാത്രികാലങ്ങളിൽ മദ്യപാനികൾ ആശുപത്രിക്കെട്ടിടം താവളമാക്കുന്നതായും ആരോപണമുണ്ട്. ചുറ്റുമതിലുണ്ടങ്കിലും അതിന്റെ ഗേറ്റ് ഇളക്കി മാറ്റിയ നിലയിലാണ്.
ടോക്കൺ സംവിധാനമില്ലാത്തതിനാൽ തിരക്കുള്ള ദിവസങ്ങളിൽ ആശുപത്രിയിൽ ക്യൂ തെറ്റിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളുണ്ടാകാറുണ്ട്. ഇതിൽ സാമൂഹ്യവിരുദ്ധർ ഇടപെട്ട് പ്രശ്നം രൂക്ഷമാക്കുന്നത് പതിവാണ്. ഗ്രാമപഞ്ചായത്തിലെ വൃദ്ധജനങ്ങൾക്കുൾപ്പെടെ പ്രയോജനപ്രദമായ ആശുപത്രിയുടെ പ്രവർത്തനം സുഗമമാക്കുന്നതിന് ഗ്രാമപഞ്ചായത്തിന്റെയും കിഴക്കേകല്ലട പൊലീസിന്റെയും ഇടപെടലുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.