കരുനാഗപ്പള്ളി: ചവറ കെ.എം.എം.എൽ ചവറ ഫാക്ടറിക്ക് മുന്നിൽ ഉപരോധ സമരത്തിലേർപ്പെട്ടിരുന്ന സ്ത്രീകൾക്ക് വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് ശ്വാസംമുട്ടലും ബോധക്ഷയവും ഉണ്ടായി. 12 സ്ത്രീകളെ കരുനാഗപ്പള്ളി താലൂക്കിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഫാക്ടറിയിൽ നിന്നു ചോർന്ന ക്ളോറിൻ വാതകമാണ് പ്രശ്നം സൃഷ്ടിച്ചതെന്ന് സമരം ചെയ്യുന്നവർ പറഞ്ഞു. അമ്പളി, ആശ, സതി എന്നിവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും, ആനന്ദവല്ലി, ശങ്കരി, സരസ്വതി, സുധ എന്നിവരെ ടൈറ്റാനിയം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും ഗാനപ്രീയ, ബേബി, സുലോചന, മണിയമ്മ, വിജയമ്മ എന്നിവരെ നീണ്ടകര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച പുലർച്ചെ നാലുമുതൽ നാലു ഗേറ്റും നാട്ടുകാർ ഉപരോധിക്കുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സ്ത്രീകൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. നൂറ് കണക്കിന് സ്ത്രീകളാണ് ഉപരോധ സമരത്തിൽ ഏർപ്പെട്ടിരുന്നത്. പ്രധാന ഗേറ്റിന്റെ മുന്നിൽ സമരം നടത്തിയിരുന്ന സ്ത്രീകൾക്കാണ് വിഷവാതകം ശ്വസിക്കേണ്ടി വന്നത്. ശ്വാസം മുട്ടലും ബോധക്ഷയവും അനുഭവപ്പെട്ടവരെ ഉടനെ സമരക്കാരും പൊലീസും ചേർന്ന് ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലുമായി ആശുപത്രികളിൽ എത്തിക്കുകയായിരുന്നു. ആശുപത്രികളിൽ വിവരം അറിയിച്ചിരുന്നതിനാൽ മെഡിക്കൽ സംഘം തയ്യാറായി നിന്നിരുന്നു. എല്ലാവരെയും നിരീക്ഷണ വാർഡുകളിലേക്ക് മാറ്റി. സ്ത്രീകളെ തൽക്കാലത്തേക്ക് ഗേറ്രിന് മുന്നിൽ നിന്നു മാറ്റി പുരുഷൻമാർ സമരം ഏറ്റെടുത്തു. ആശങ്ക മാറിയശേഷമാണ് സ്ത്രീകൾ വീണ്ടും ഉപരോധ സമരത്തിൽ ഏർപ്പെട്ടത്. സമരം പൊളിക്കാൻ കമ്പനി മന:പൂർവ്വം വാതകം പുറത്തേക്ക് വിട്ടതാണെന്ന് സമരക്കാർ ആരോപിച്ചു.വ്യാഴാഴ്ച പലപ്പോഴായി മൂന്ന് പ്രാവശ്യം വാതകം തുറന്ന് വിട്ടതായി സമരസമതി നേതാക്കൾ പറഞ്ഞു. വാതക ചോർച്ചയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച മുതൽ മാനേജിംഗ് ഡയറക്ടർ ഉൾപ്പെടെ ഒരാൾക്ക് പോലും ഫാക്ടറിക്കുള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഇന്നലെ പകൽ മൂന്നു മണിക്കു ശേഷമാണ് പുറത്തേക്ക് പോയത്.
വാതക ചോർച്ച ഉണ്ടായിട്ടില്ലെന്ന് കമ്പനി,
മെയിൻ പ്ളാന്റ് പ്രവർത്തനം നിറുത്തിവച്ചു
കരുനാഗപ്പള്ളി: ചവറ ടൈറ്റാനിയം ഫാക്ടറിയിൽ വാതക ചോർച്ച ഉണ്ടായിട്ടില്ലെന്ന് കമ്പനി അധികൃതർ പറഞ്ഞു. ജൂലൈ 31ന് രാത്രിൽ ജോലിക്ക് കയറിയ തൊഴിലാളികൾ സമരത്തെ തുടർന്ന് പുറത്തിറങ്ങാൻ കഴിയാതെ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. 400 ഓളം തൊഴിലാളികളാണ് അപ്പോൾ ഫാക്ടറിക്കുള്ളിൽ ഉണ്ടായിരുന്നത്. അവർ ജോലിക്ക് കയറിയിട്ട് 48 മണിക്കൂർ കഴിഞ്ഞിരുന്നു. തൊഴിലാളികൾ എല്ലാവരും ക്ഷീണിതരായിരുന്നു. ഉപരോധ സമരത്തെ തുടർന്ന് പുറത്തുനിന്നും തൊഴിലാളികൾക്കും ജീവനക്കാർക്കും അകത്ത് പ്രവേശിക്കാനും കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ ഫാക്ടറിയിലെ മെയിൻ കെമിക്കൽ പ്ലാന്റ് സേഫ് ഷട്ട് ഡൗൺ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ 12 മണിക്ക് ആരംഭിച്ച ഷട്ട്ഡൗൺ പ്രക്രിയ 1.30 മണിയോടെയാണ് പൂർത്തിയായത്. പ്ലാന്റ് പൂർണ്ണമായും ഡൈ ആക്കിയ ശേഷമാണ് ഷട്ട്ഡൗൺ ചെയ്യുന്നത്. ഇനി പ്ലാന്റ് സ്റ്റാർട്ട് ചെയ്തു പൂർണ്ണസ്ഥിതിയിൽ വരണമെങ്കിൽ ഒരാഴ്ച പിടിക്കും. വാതകം ചോർന്നാൽ അത് കണ്ടെത്താനുള്ള ഉപകരണങ്ങൾ പലഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. അപ്പോൾ തന്നെ അത് നിയന്ത്രണ വിധേയമാക്കാനും കഴിയുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
ജനങ്ങൾ ആവശ്യപ്പെടുന്നത്
ഫാക്ടറിയിൽ നിന്നും പുറന്തള്ളപ്പെടുന്ന രാസവസ്തുക്കൾ അടങ്ങിയ ജലം കെട്ടി നിൽക്കുന്നതുമൂലം ജനവാസ യോഗ്യമല്ലാതായ 183 ഏക്കർ ഭൂമി കമ്പനി ഏറ്രെടുക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ സമരം ചെയ്യുന്നത്. 35 വർഷമായി ഉന്നയിക്കുന്ന ആവശ്യമാണിത്. വി. എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കേ നേരിട്ട് എത്തി സ്ഥിതിഗതികൾ മനസ്സിലാക്കുകയും സ്ഥലം ഏറ്റെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഏറ്റെടുക്കൽ നടപടി പേരിനുവേണ്ടി തുടങ്ങിവയ്ക്കുമെങ്കിലും മുന്നോട്ടു നീങ്ങാറില്ല.
സമരം അവസാനിപ്പിച്ചു
മന്ത്രിയുമായി ചർച്ച
ഈ മാസം 19ന് വ്യവസായ വകുപ്പ് മന്ത്രിയുടെ ചേംബറിൽ ചർച്ച നടത്താമെന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകിയതോടെ ഉപരോധ സമരത്തിൽ നിന്ന് രാത്രി എട്ടു മണിയോടെ നാട്ടുകാർ പിൻമാറി. ഇന്നലെ കളക്ടറുമായി നടത്തിയ ആദ്യ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ ദേശീയ പാത ഉപരോധിച്ചതോടെയാണ് മന്ത്രിതല ചർച്ചയ്ക്ക് ധാരണയായത്.