കൊല്ലം: കിലോ മീറ്ററുകൾ അകലെയുള്ള റേഷൻകടയിലേക്ക് നടന്ന് ബുദ്ധിമുട്ടേണ്ട. അവിടെ നിന്ന് ഭക്ഷ്യധാന്യങ്ങൾ വാങ്ങി ചുമക്കുകയും വേണ്ട. വൈകാതെ റേഷൻകട വീട്ടിലെത്തും. സഞ്ചരിക്കുന്ന റേഷൻകടകൾ ഒരുക്കാൻ പൊതുവിതരണ വകുപ്പ് നടപടി തുടങ്ങി.തൃശൂരിലെ ആദിവാസി ഊരുകളിൽ റേഷൻ എത്തിക്കാൻ നേരത്തെ സഞ്ചരിക്കുന്ന റേഷൻകടകൾ ഏർപ്പെടുത്തിയിരുന്നു. പ്രളയസമയത്ത് ആലപ്പുഴയിലും സമാനമായ രീതിയിൽ റേഷൻ ഭക്ഷ്യധാന്യങ്ങൾ വീട്ടിലെത്തിച്ചിരുന്നു.സഞ്ചരിക്കുന്ന റേഷൻകടകളുടെ പ്രവർത്തനത്തിന് വാനുകളുടെ ക്വട്ടേഷൻ ക്ഷണിക്കാൻ താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ സമർപ്പിക്കുന്ന വാഹനങ്ങളുമായി കരാറുറപ്പിക്കും.
താലൂക്കും മേഖലയും
1. തുടക്കത്തിൽ ഒരു താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിൽ ഒരു സഞ്ചരിക്കുന്ന റേഷൻകട
2.കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിൽ തീരദേശ മേഖലയിൽ.
3 പുനലൂർ, പത്തനാപുരം താലൂക്കുകളിൽ ആദിവാസി മേഖലയിൽ. 4.കൊട്ടാരക്കര, കുന്നത്തൂർ താലൂക്കുകളിൽ റേഷൻകടകളുടെ ദൂരപരിധി കൂടുതലുള്ള മേഖലകളിൽ.
പ്രവർത്തനം
1.സാധാരണ റേഷൻകടകളുടെ മാതൃകയിൽ തന്നെയാകും പ്രവർത്തനം.
2.ഉപഭോക്താക്കൾ റേഷൻ കാർഡുകളുമായെത്തി ഇ.പോസ് യന്ത്രത്തിൽ വിരൽ പതിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങണം.
3.ഓരോ ദിവസവും ഒരോ മേഖലയിലാകും വാഹനങ്ങളെത്തുക. വാഹനങ്ങളുടെ റൂട്ട് പൊതുവിതരണ വകുപ്പ് നിശ്ചയിക്കും. 4അതാതിടങ്ങളിലെ റേഷൻ കടയുടമകൾക്കാണ് സഞ്ചരിക്കുന്ന റേഷൻകടകളുടെ ചുമതല.
5.സഞ്ചരിക്കുന്ന റേഷൻകട എത്തുന്ന റൂട്ടിലെ റേഷൻകടകൾ ആ ദിവസങ്ങളിൽ അടഞ്ഞുകിടക്കും.
'' റേഷൻ വിതരണം പരമാവധി ഫലപ്രദമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. റേഷൻകട വളരെ അകലെയായതിനാൽ റേഷൻ വാങ്ങാത്ത നിരവധി കുടുംബങ്ങളുണ്ട്. "
അനിൽരാജ്
(ഡി.എസ്.ഒ)