c
കൊല്ലം റെയിൽവെ സ്റ്റേഷനിൽ ബൈക്ക് മോഷണം പതിവ്

കൊല്ലം: റെയിൽവെ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയകളിൽ നിന്ന് കഴിഞ്ഞ നാല് മാസത്തിനിടെ മോഷണം പോയത് അഞ്ച് ബൈക്കുകൾ. സ്റ്റേഷനിലെ രണ്ടാം പ്രവേശന കവാടത്തിൽ നിന്ന് ഈ ആഴ്ച നടന്ന ബൈക്ക് മോഷണമാണ് ഏറ്റവും ഒടുവിലത്തേത്. കൊല്ലം സ്വദേശിയായ പ്രശാന്ത് ബുധനാഴ്ച രാത്രി സ്റ്റേഷനിലെത്തിയപ്പോഴാണ് തന്റെ ബൈക്ക് നഷ്ടമായ വിവരം അറിയുന്നത്. പ്രശാന്തിന്റെ പരാതിയിൽ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയാണ്. മുൻപ് പ്രധാന പ്രവേശന കവാടത്തിനോട് അനുബന്ധിച്ചുള്ള പാർക്കിംഗ് മേഖലകളിൽ സജീവമായിരുന്ന മോഷണം രണ്ടാം പ്രവേശന കവാടത്തിനോട് ചേർന്ന് വിശാലമായ പാർക്കിംഗ് കേന്ദ്രം ആരംഭിച്ചപ്പോൾ അവിടേക്ക് മാറി. പാർക്കിംഗ് ഏരിയകളിൽ കാമറകളും സുരക്ഷാ സംവിധാനങ്ങളുമില്ലാത്തതാണ് ബൈക്ക് മോഷ്ടാക്കൾക്ക് അനുഗ്രഹമാകുന്നത്.

നിരീക്ഷണ കാമറകൾ ഇല്ല

റെയിൽവേ സ്റ്റേഷനുള്ളിൽ നിരീക്ഷണ കാമറകൾ സജീവമാണെങ്കിലും പാർക്കിംഗ് ഏരിയകളിൽ കാമറകളും സുരക്ഷാ സംവിധാനങ്ങളുമില്ല. പാർക്കിംഗ് മേഖലകളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തോട് റെയിൽവേയും പൊലീസും ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. പ്രധാന പ്രവേശന കവാടത്തിന് അനുബന്ധമായി മതിയായ പാർക്കിംഗ് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പാതയോരത്തും നടപ്പാതകളിലുമൊക്കെയാണ് മിക്ക യാത്രികരും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഒരു വിധത്തിലുമുള്ള സുരക്ഷയില്ലാത്ത ഇവിടെ നിന്ന് വാഹനങ്ങൾ മോഷണം പോകാനുള്ള സാദ്ധ്യതയേറെയാണ്.

 മറ്റെവിടെ നിന്നെങ്കിലും കവരുന്ന ബൈക്കുകൾ ഇവിടെ ഉപേക്ഷിക്കും

റെയിൽവെ സ്റ്റേഷനിലെ പാഴ്സൽ ഓഫീസ് മാറ്റുന്നതിന്റെ ഭാഗമായി സ്റ്റേഷനും പരിസരവും ഒരു വർഷം മുമ്പ് നവീകരിച്ച് വൃത്തിയാക്കിയപ്പോൾ ലഭിച്ചത് ഉടമസ്ഥരില്ലാത്ത ഒരു ഡസനിലേറെ ബൈക്കുകളാണ്. പലതും തുരുമ്പെടുത്ത് നശിച്ച നിലയിലായിരുന്നു. സ്റ്റേഷനിലെ എപ്പോഴും സജീവമായ പാർക്കിംഗ് മേഖലയിൽ മോഷണ ബൈക്കുകൾ ഉപേക്ഷിച്ച് പോകാറുണ്ടെന്ന സംശയം ഇതോടെ ശരിയായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മോഷ്ടിക്കുന്ന ബൈക്കുകൾ ഉപയോഗശേഷം സുരക്ഷിതമായി ഉപേക്ഷിക്കാൻ കഴിയുന്നിടമായാണ് മോഷ്ടാക്കൾ റെയിൽവെ സ്റ്റേഷൻ പാർക്കിംഗ് മേഖലയെ കാണുന്നത്.

4 മാസത്തിനുള്ളിൽ മോഷണം പോയത് 5 ബൈക്കുകൾ

കുടുബശ്രീ

റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയകളിൽ വാഹനം സൂക്ഷിക്കുന്നവരിൽ നിന്ന് പണം പിരിക്കാൻ കരാറെടുത്ത കുടുബശ്രീ, യാത്രക്കാരിൽ നിന്ന് വലിയ നിരക്ക് ഈടാക്കുന്നുണ്ടെങ്കിലും വാഹനങ്ങൾക്ക് സുരക്ഷയില്ലെന്ന വിമർശനം തുടക്കം മുതൽ ശക്തമാണ്. ഇരുചക്ര വാഹനങ്ങൾ മോഷണം പോയിക്കഴിഞ്ഞാൽ കരാറുകാർ ഉത്തരവാദിത്വം ഏറ്റെടുക്കാതെ ഒഴിഞ്ഞ് മാറുന്നത് സ്ഥിരം പരിപാടിയാണെന്ന് ആക്ഷേപമുണ്ട്.