കരുനാഗപ്പള്ളി: ആദിനാട് തെക്ക് കണ്ണങ്കര വീട്ടിൽ രാമചന്ദ്രനും കുടുംബത്തിനും ഇനി സമാധാനമായി അന്തിയുറങ്ങാം. കോൺഗ്രസ് കുലശേഖരപുരം മണ്ഡലം കമ്മിറ്റിയാണ് ഇവരുടെ വീടെന്ന സ്വപ്നം സഫലമാക്കിയത്. ഭാര്യ ലളിതയും ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന മകൻ രഞ്ജിത്തും അടങ്ങുന്നതാണ് രാമചന്ദ്രന്റെ കുടുംബം. ഇവരുടെ അദ്ധ്വാനം മുഴുവൻ മകന്റെ ചികിത്സാ ചെലവുകൾക്ക് മാത്രമേ തികയുമായിരുന്നുള്ളൂ. ഇതിനിടെ ആകെ ഉണ്ടായിരുന്ന വീടിന്റെ സംരക്ഷണം പോലും സാധിച്ചില്ല. മഴപെയ്താൽ ചോർന്നൊലിക്കുന്ന ഇവരുടെ വീടിന്റെ അവസ്ഥയറിഞ്ഞ മുൻ എം.പി കെ.സി. വേണുഗോപാൽ വിഷയത്തിൽ ഇടപെട്ടു.
സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കാൻ കാലതാമസം ഉണ്ടെന്ന് മനസിലാക്കിയതോടെ കോൺഗ്രസ് നേതാക്കളോട് പുതിയ വീട് നിർമ്മിച്ചുനൽകാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അശോകൻ കുറുങ്ങപ്പള്ളി ചെയർമാനും മേടയിൽ ശിവപ്രസാദ് കൺവീനറുമായുള്ള കമ്മിറ്റി വീടിന്റെ നിർമ്മാണം ഏറ്റെടുത്തു. നാട്ടുകാരിൽ നിന്ന് സമാഹരിച്ച പണവും കെ.സി.വേണുഗോപാലിന്റെ സഹായവും സ്വരൂപിച്ച് 8 ലക്ഷം രൂപ ചെലവഴിച്ചാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. രണ്ട് മുറിയും അടുക്കളും ഹാളും ബാത്ത് റൂമും ഉൾക്കൊള്ളുന്ന വീടിന്റെ താക്കോൽദാനം 5ന് രാവിലെ 10ന് കെ.സി. വേണുഗോപാൽ നിർവഹിക്കും. ഡി.സി.സി പ്രസിഡന്റ് അഡ്വ.ബിന്ദുകൃഷ്ണ അടക്കമുള്ളവർ പങ്കെടുക്കും.