രണ്ട് പേർക്കായി പൊലീസ് തെരച്ചിൽ തുടങ്ങി
കൊല്ലം: ആശ്രാമം മൈതാനത്ത് നിറുത്തിയിട്ടിരുന്ന ജെ.സി.ബിയുടെ യന്ത്രഭാഗങ്ങൾ മോഷ്ടിച്ച് ആക്രി വിലയ്ക്ക് വിറ്റു. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേർക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. കഴിഞ്ഞമാസം 25 നും 26 നും ഇടയിലാണ് ജെ.സി.ബിയുടെ യന്ത്രഭാഗങ്ങൾ ഇളക്കിയെടുത്തത്. 25ന് വൈകിട്ടാണ് ജെ.സി.ബി മൈതാനത്ത് പാർക്ക് ചെയ്തത്. 27ന് രാവിലെ ജെ.സി.ബിയുടെ ഉടമ എത്തിയപ്പോഴാണ് യന്ത്രഭാഗങ്ങൾ നഷ്ടമായത് ശ്രദ്ധയിൽപ്പെട്ടത്. ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കിളികൊല്ലൂരിലെ ആക്രിക്കടയിൽ നിന്ന് നഷ്ടമായ യന്ത്രഭാഗങ്ങൾ കണ്ടെത്തി. ഇവിടെയുള്ള സി.സി ടി.വി ദൃശ്യം പരിശോധിച്ചപ്പോൾ യന്ത്രഭാഗങ്ങൾ വിറ്റവരെന്ന് സംശയിക്കുന്ന രണ്ട് പേരുടെ അവ്യക്ത ചിത്രങ്ങൾ ലഭിച്ചു. ഇതിൽ ഒരാൾ ഓട്ടോഡ്രൈവറും രണ്ടാമത്തെയാൾ ആക്രി പെറുക്കുന്നയാളുമാണെന്നാണ് സംശയം. പ്രതികളെ പിടികൂടിയ ശേഷം മോഷണ മുതൽ വീണ്ടെടുക്കും. അതുവരെ യന്ത്രഭാഗങ്ങൾ സൂക്ഷിക്കണമെന്ന് ആക്രി വ്യാപാരിക്ക് പൊലീസ് നിർദ്ദേശം നൽകി.