കൊല്ലം: ഒന്നരയാഴ്ചക്കാലം പരവൂരുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് മൊട്ടജോസിനെ കസ്റ്റഡിയിൽ വാങ്ങും. ആരോഗ്യനില മോശമായതിനാലാണ് കസ്റ്റഡിയിൽ വാങ്ങൽ നീട്ടിയത്. ബുധനാഴ്ച രാത്രിയാണ് ജോസിനെ കല്ലുകുന്നത്ത് വച്ച് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. മറ്റൊരു മോഷണക്കേസിൽ ജയിലിലായിരുന്ന മങ്ങാട് സ്വദേശി മൊട്ട ജോസ് കഴിഞ്ഞ മാസം 16 നാണ് പുറത്തിറങ്ങിയത്. 22ന് പരവൂർ ദയാബ്ജി ജംഗ്ഷനിൽ മോഹൻലാലിന്റെ വീട് കുത്തിത്തുറന്ന് 76 പവൻ സ്വർണവും 50000 രൂപയും മോഷ്ടിക്കുകയായിരുന്നു. ഇതിന് ശേഷം ഒരു കിലോ മീറ്റർ അകലെ കല്ലുകുന്നത്ത് പൂട്ടിയിട്ടിരുന്ന ശ്രീകുമാറിന്റെ വീട്ടിലായിരുന്നു താമസം. ഈ വീട് കുത്തിത്തുറന്ന നിലയിൽ കണ്ടതോടെ മൊട്ട ജോസ് പരവൂരിൽ തന്നെയുണ്ടെന്ന് പൊലീസും നാട്ടുകാരും സ്ഥിരീകരിച്ചു. ഇയാളെ പിടികൂടാൻ നാട്ടുകാർ സ്ക്വാഡും രൂപീകരിച്ചു. മോഹൻലാലിന്റെ വീട്ടിൽ നിന്നു കവർന്ന സാധനങ്ങൾ കല്ലുകുന്നത്തെ വീടിന് പിന്നിൽ കുഴിച്ചിട്ടിരിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഈ സ്വർണം എടുക്കാൻ വന്നപ്പോഴാണ് നാട്ടുകാർ പിടികൂടിയത്.
76 പവൻ സ്വർണം വീണ്ടെടുത്തെങ്കിലും മോഷ്ടിച്ച പണം ലഭിച്ചിട്ടില്ല. പണം ചെലവായിപ്പോയെന്നാണ് മൊട്ടജോസിന്റെ മൊഴി .