പടിഞ്ഞാറേ കല്ലട: പടിഞ്ഞാറേ കല്ലട നിവാസികൾ ചേർന്ന് കല്ലട സൗഹൃദം എന്ന പേരിൽ രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മ ശ്രദ്ധേയമാകുന്നു. പ്രദേശവാസികൾ തമ്മിലുള്ള സൗഹൃദം വർദ്ധിപ്പിക്കാനും സ്വദേശത്തും വിദേശത്തുമുള്ള കല്ലടക്കാരെ നാട്ടിലെ ദൈനംദിന കാര്യങ്ങൾ യഥാസമയം അറിയിക്കാനുമാണ് വാട്ട്സാപ്പ് കൂട്ടായ്മ ആരംഭിച്ചത്.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും കക്ഷിരാഷ്ട്രീയ ജാതിമത ഭേദമന്യേ എല്ലാ വിഭാഗത്തിൽ പ്പെട്ടവരും ഗ്രൂപ്പിലുണ്ട്. കല്ലടയുടെ പാരമ്പര്യം നിലനിറുത്തുക, ഗ്രാമഭംഗി പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വാട്ട്സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മുതിരപ്പറമ്പ് കടവിൽ മത്സ്യ കാർഷിക വിപണന കേന്ദ്രം തുടങ്ങുകയും ഇതിന്റെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിക്കുകയും ചെയ്തു. ഇതിന്റെ ആദ്യ വില്പന പഞ്ചായത്ത് പ്രസിഡന്റ് ജെ. ശുഭയാണ് നിർവഹിച്ചത്. ഇതിന് പുറമേ പഞ്ചായത്തിന്റെ പലഭാഗങ്ങളിലായി തകർന്നു കിടന്ന റോഡുകൾ ഗതാഗത യോഗ്യമാക്കി യാത്രാക്ലേശം പരിഹരിക്കുന്നതിനായി കെ.എസ്.ആർ.ടി.സിയുടെ പുതിയ ബസ് സർവീസ് കരുനാഗപ്പള്ളിയിൽ നിന്ന് പടിഞ്ഞാറേ കല്ലട വഴി ആരംഭിച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ഉദ്യോഗസ്ഥരുമായി നിരന്തരം ചർച്ചകൾ നടത്തുകയാണ്. ഓണാഘോഷത്തിനും കല്ലട ജലോത്സവത്തിനും വേണ്ടിയുള്ള ഒരുക്കങ്ങൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ തുടങ്ങിക്കഴിഞ്ഞു. കൂട്ടായ്മയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഭരണസമിതി രൂപീകരിച്ചിട്ടുണ്ട്. തോപ്പിൽ വിനോജ് (പ്രസിഡന്റ്), പുത്തൻപുരയിൽ അനീഷ് രാജ്(സെക്രട്ടറി) , കിടങ്ങിൽ മഹേന്ദ്രൻ മീനത്ത്, പുത്തൻപുരയിൽ ഭദ്രൻ (രക്ഷാധികാരികൾ) എന്നിവരുൾപ്പെട്ട 21 അംഗ ഭരണ സമിതിയെയാണ് തിരഞ്ഞെടുത്തത്.