c
കൂട്ടിക്കട

കൊല്ലം: ഓണക്കാലത്ത് മറ്റെല്ലായിടങ്ങളിലും കച്ചവടം പൊടിപൊടിക്കുമ്പോൾ കൂട്ടിക്കട ജംഗ്ഷനിലെ കച്ചവട സ്ഥാപനങ്ങളിലും ചെറുകിട കടകളിലും ഒന്നും നടക്കാറില്ല. ഇത്തവണത്തെ ഓണവും മുൻവർഷങ്ങളിലേത് പോലെയാകുമോയെന്ന കടുത്ത ആശങ്കയിലാണ് ഇവിടത്തെ വ്യാപാരികൾ. ഗേറ്റ് അടയ്ക്കുമ്പോൾ കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിലാണ് വാഹനങ്ങൾ കൂട്ടത്തോടെ നിരക്കുന്നത്. പിന്നീട് ആർക്കും ഇതുവഴി നടക്കാനാകില്ല. ഗേറ്റ് തുറക്കുമ്പോൾ എങ്ങനെയും അപ്പുറം കടക്കാനുള്ള തിക്കും തിരക്കുമാണ്. ഓണമാകുമ്പോൾ തിരക്ക് പതിന്മടങ്ങ് വർദ്ധിക്കും. ഇതിനിടയിൽപ്പെടുമോയെന്ന ആശങ്ക കാരണം ഓണക്കാലത്ത് ആരും സാധനങ്ങൾ വാങ്ങാൻ കൂട്ടിക്കട ജംഗ്ഷനിലേക്ക് വരാറില്ലെന്ന് കച്ചവടക്കാ‌ർ പറയുന്നു. മറ്റ് സ്ഥലങ്ങളിലെ വ്യാപാരികൾ ഇതിനോടകം തന്നെ ഓണക്കച്ചവടത്തിനുള്ള സാധനങ്ങൾ സ്റ്റോക്ക് ചെയ്ത് തുടങ്ങി. എന്നാൽ കൂട്ടിക്കട ജംഗ്ഷനിൽ ഓണം അടുത്തെത്തിയതിന്റെ ഒരു ലക്ഷണവും ഇതുവരെ കാണാനില്ല. കൂട്ടിക്കടയിലെ ഗതാഗതപ്രശ്നം പരിഹരിക്കാൻ തട്ടാമലയിൽ നിന്നും മയ്യനാട് നിന്നുമുള്ള റോഡുകൾ നേരേ എതിർദിശയിലാക്കി നടുവിലേക്ക് ലെവൽക്രോസ് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ലെവൽക്രോസാണ് പ്രശ്നം

ഗേറ്റിനപ്പുറമുള്ള ഭാഗത്ത് വ്യവസായ, ബിസിനസ് സംരംഭങ്ങൾ പുതുതായി ഉണ്ടാകുന്നില്ല. എല്ലാവരെയും പിന്നോട്ട് വലിക്കുന്നത് കൂട്ടിക്കട ജംഗ്ഷനിലെ ലെവൽക്രോസ് സൃഷ്ടിക്കുന്ന ഗതാഗത സ്തംഭനമാണ്. ഗേറ്റിനപ്പുറം താമസിച്ചിരുന്ന നിരവധി പേർ ഇതിനോടകം വീടും ഭൂമിയും വിറ്റ് മറ്റ് സ്ഥലങ്ങളിലേക്ക് മാറിത്തുടങ്ങി.