# പ്രതി വിപിൻ ഒളിവിൽ
# യുവാവ് അടിയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കൊല്ലം: കൊല്ലം ബീച്ചിനടുത്തുള്ള ബാർ ഹോട്ടലിൽ യുവാവിന്റെ അടിയേറ്റ് മദ്ധ്യവയസ്ക്കൻ തൽക്ഷണം മരിച്ചു. മുണ്ടയ്ക്കൽ നേതാജി നഗർ അമ്പാടി ഭവനിൽ രാജുവാണ് (52) മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയാണ്. സംഭവവുമായി ബന്ധപ്പെട്ട് പള്ളിത്തോട്ടം സ്വദേശി വിപിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
ഇന്നലെ വൈകിട്ട് ആറ് മണിയോടെ ഹോട്ടലിലെ ലോക്കൽ ബാറിൽ നിന്ന് പുറത്തേക്കുള്ള വഴിയിലായിരുന്നു സംഭവം. വഴിയിൽ നിൽക്കുകയായിരുന്ന രാജുവും ഇവിടേക്ക് വന്ന വിപിനും തമ്മിൽ തർക്കമുണ്ടായി. വിപിൻ രാജുവിന്റെ തലയ്ക്ക് ആഞ്ഞ് അടിക്കുകയായിരുന്നു. നിലത്തുവീണ രാജുവിന് അനക്കമുണ്ടായില്ല. വിപിൻ ബാറിനുള്ളിലേക്ക് നടന്നുപോകുകയും ചെയ്തു. ദൃശ്യങ്ങൾ ബാറിലെ സി.സി ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. വിപിന്റെ തൊപ്പിയെ ചൊല്ലിയായിരുന്നു തർക്കമെന്ന് കരുതുന്നു. നിലത്ത് വീണ രാജുവിന്റെ തലയിൽ നിന്ന് വിപിൻ തൊപ്പിയെടുത്ത് നടന്നു നീങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. രാജുവിനെ സ്ഥലത്തുണ്ടായിരുന്നവർ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. അടിയുടെ ആഘാതത്തിൽ തലച്ചോറിലുണ്ടായ രക്തസ്രാവമാകാം മരണകാരണമായതെന്ന് പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ പറഞ്ഞു. പൊലീസ് എത്തിയപ്പോഴേക്കും വിപിൻ ബാറിൽ നിന്ന് മുങ്ങിയിരുന്നു. രാജുവിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ:ലൂർദ്ദ്, മകൾ സീനിയ നഴ്സിംഗ് വിദ്യാർത്ഥിനിയാണ്.