v
വഴിവിളക്കുകൾ കത്തുന്നില്ല

ഏരൂർ: കരുകോൺ സ്‌കൂൾ ജംഗ്ഷനിലെയും പരിസരപ്രദേശങ്ങളിലെയും വഴിവിളക്കുകൾ കത്താതായിട്ട് മാസങ്ങളാവുന്നു. വഴിവിളക്കുകൾ മിഴിയടച്ചതോടെ രാത്രിയിൽ സാമൂഹ്യവിരുദ്ധശല്യം ഏറുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. വഴിവിളക്കുകൾ കത്താത്തതിനാൽ സ്‌കൂളിന് സമീപം മെയിൻ റോഡിന്റെ പല ഭാഗങ്ങളിലും മദ്യപന്മാരുടെ ശല്യവും വർദ്ധിച്ചു വരുകയാണ്. കരുകോൺ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പണിമുടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഹൈമാസ്റ്റിലെ ഒന്നോ രണ്ടോ ലൈറ്റുകൾ മാത്രമാണ് നിലവിൽ കത്തുന്നത്. സന്ധ്യ കഴിഞ്ഞാൽ ചന്തയിലും പരിസരപ്രദേശങ്ങളിലും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമാണെന്ന് നാട്ടുകാർ പറയുന്നു.

കഴിഞ്ഞ രാത്രി സംഭവിച്ചത്

കഴിഞ്ഞ രാത്രിയിൽ 9.30ഓടെ സ്‌കൂളിന് മുൻവശത്ത് സ്ഥാപിച്ചിരുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങൾ സാമൂഹ്യവിരുദ്ധർ പിഴുതെറിയുകയും കൊടികൾ നശിപ്പിക്കുകയും ചെയ്തിരുന്നു. നാട്ടുകാരുടെ പരാതിയിൽ അഞ്ചൽ പൊലീസ് ഇതിനെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.