കരുനാഗപ്പള്ളി: ചവറ കെ.എം.എം.എൽ ഫാക്ടറിക്ക് മുന്നിൽ നാട്ടുകാർ ഏർപ്പെടുത്തിയ ഉപരോധം ഇന്നലെ വൈകിട്ട് ദേശീയപാത ഉപരോധിക്കുന്നതിലേക്ക് കടന്നതോടെ മന്ത്രിതല ചർച്ചയ്ക്ക് സർക്കാർ തയ്യാറായി. തുടർന്ന് സംയുക്ത സമര സമിതി ഉപരോധം അവസാനിപ്പിച്ചു. സമരവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഇന്നലെ വൈകിട്ട് 4.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത ചർച്ച തീരുമാനമാകാതെ പിരിഞ്ഞതോടെ സമരം കൂടുതൽ ശക്തപ്പെടുത്താൻ സംയുക്ത സമരസമിതി നേതാക്കൾ തീരുമാനിക്കുകയായിരുന്നു.
കമ്പനിയെ പ്രതിനിധീകരിച്ച് മാനേജിംഗ് ഡയറക്ടർ ഫെബി വർഗീസും സമരക്കാരെ പ്രതിനിധീകരിച്ച് സംയുക്ത സമര സമിതി നേതാക്കളായ സജിത്ത് രഞ്ച്, രാഗേഷ് നിർമ്മൽ, എസ്.ശാലിനി, ശശിവർണ്ണൻ, ഹരികുമാർ എന്നിവരുമാണ് ചർച്ചയിൽ പങ്കെടുത്തത്.തുടർന്ന് സന്ധ്യയോടെ ദേശീയപാത ഉപരോധിക്കാൻ തുടങ്ങി. ഇക്കാര്യം പൊലീസ് കളക്ടറെ അറിയിച്ചതോടെയാണ് മന്ത്രിതല ചർച്ചയ്ക്ക് വഴിതെളിഞ്ഞത്. തൊഴിലാളികൾക്ക് ഫാക്ടറിയിൽ കടക്കാൻ കഴിയാത്ത സാഹചര്യത്തിൽ കമ്പനി സേഫ് ഷട്ട് ഡൗൺ ചെയ്യേണ്ടിയുംവന്നു . ഇതോടെ ഫാക്ടറിയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചു. നാട്ടുകാരുടെ ന്യായമായ ആവശ്യങ്ങൾ കമ്പനി അംഗീകരിച്ചാൽ മാത്രമേ സമരത്തിൽ നിന്ന് പിൻവാങ്ങുകയുള്ളൂ എന്നാണ് സമരക്കാർ പറയുന്നത്.
183 ഏക്കർ ഭൂമി ഏറ്റെടുക്കണമെന്ന് ആവശ്യം
പൊന്മന, കളരി, ചിറ്റൂർ, പന്മന എന്നീ നാല് ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളാണ് സംയുക്ത സമരസമതിയുടെ നേതൃത്വത്തിൽ ഫാക്ടറിയുടെ 4 ഗേറ്രുകളിലും ഉപരോധ സമരം നടത്തിയത്. ഫാക്ടറിയിൽ നിന്ന് പുറന്തള്ളപ്പെടുന്ന രാസവസ്തുക്കൾ അടങ്ങിയ ജലം കെട്ടി നിൽക്കുന്നതുമൂലം ജനവാസ യോഗ്യമല്ലാത്ത 183 ഏക്കർ ഭൂമി കമ്പനി ഏറ്രെടുക്കണമെന്നാവശ്യപ്പെട്ടാണ് സമരം. വർഷങ്ങളായി നാട്ടുകാർ നടത്തിയ സമരത്തെ തുടർന്ന് സർക്കാർ പ്രശ്നത്തിൽ ഇടപെടുകയും ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ കമ്പനിക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഇതിനുള്ള നടപടികൾ കമ്പനി ആറ് മാസങ്ങൾക്ക് മുമ്പ് ആരംഭിച്ചിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന്റെ നടപടികൾ പൂർത്തിയാക്കി. എന്നാൽ കെട്ടിടങ്ങളുടെ വാല്യുവേഷൻ നടപടികൾ പെട്ടെന്ന് നിറുത്തിവച്ചതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് സംയുക്ത സമരസമിതി ജൂലായ് 20ന് കമ്പനി മാനേജിംഗ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ സമരത്തെ കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു. തുടർന്ന് ജൂലായ് 31 ന് ജില്ലാ കളക്ടർ സമരസമിതി നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല.