കൊട്ടിയം: പെട്ടിഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് ആശുപത്രി ജീവനക്കാരിക്ക് ഗുരുതര പരിക്കേറ്റു. കൊട്ടിയം ബദേൽ വീട്ടിൽ സോഫിയ ജോർജിനാണ് (31) ഗുരുതരമായി പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ സോഫിയ ജോർജിന്റെ തുടയെല്ല് പൊട്ടി. ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. പാലത്തറ എൻ.എസ് ആശുപത്രിയിലെ ജീവനക്കാരിയായ സോഫിയ ഡ്യൂട്ടിക്കായി ആക്ടീവയിൽ ആശുപത്രിയിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. കൊട്ടിയം മയ്യനാട് റോഡിൽ കവിത പ്രസിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് 5.30ന് ആയിരുന്നു അപകടം. കൊട്ടിയം പൊലീസ് കേസെടുത്തു.