പാരിപ്പള്ളി:പതിനാലാം ധനകാര്യകമ്മിഷന്റെ ഗ്രാന്റ് വിനിയോഗിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത വികസന ക്ഷേമപ്രവർത്തനങ്ങൾ വിലയിരുത്താൻ മൂന്നംഗ കേന്ദ്ര സംഘം ഇന്നലെ കല്ലുവാതുക്കൽ പഞ്ചായത്ത് സന്ദർശിച്ചു. രാജീവ്ശർമ്മ,സന്ദീപ് സർവാഡേ, മീനാക്ഷി ശർമ്മ എന്നിവരടങ്ങിയ സംഘമാണ് എത്തിയത്. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി നിർവഹണം പൂർത്തീകരിച്ച പദ്ധതികൾ വിലയിരുത്തിയ സംഘം പൊതുജനങ്ങളുമായി നേരിട്ട് ആശയവിനിയമം നടത്തി.പഞ്ചായത്തുകൾ സമ്പൂർണ ഐ.എസ്.ഒ അംഗീകാരം ലക്ഷ്യമാക്കി നടത്തുന്ന പ്രവർത്തനങ്ങളെ സംഘം അഭിനന്ദിച്ചു.വെളിയം, നെടുവത്തൂർ, പെരിനാട്, എഴുകോൺ പഞ്ചായത്തുകളിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ മികച്ച പദ്ധതികളാണ് നടപ്പാക്കിയതെന്ന് സംഘം വിലയിരുത്തി. സംഘം കഴിഞ്ഞ 30ന് കളക്ടറെ സന്ദർശിച്ച് ജില്ലയിലെ പഞ്ചായത്തുകളുടെ പ്രവർത്തനമികവിൽ അഭിനന്ദനം രേഖപ്പെടുത്തിയിരുന്നു.