കൊല്ലം: ബൈപ്പാസിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കൊറ്റങ്കര കോളേജ് നഗർ - 55 അഭിലാഷ് ഭവനിൽ അഖിലേഷിനാണ് (20) പരിക്കേറ്റത്. ഇന്നലെ രാത്രി 10.20 ഓടെ പാൽക്കുളങ്ങരയിലായിരുന്നു സംഭവം. കല്ലുംതാഴം ഭാഗത്ത് നിന്ന് വരുകയായിരുന്ന കാർ പാൽക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തെ റോഡിലേക്ക് കടക്കാൻ വലത്തേക്ക് തിരിയവേ അയത്തിൽ ഭാഗത്ത് നിന്ന് വരുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ സ്ഥലത്തുണ്ടായിരുന്നവർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്ക് പൂർണമായും കാർ ഭാഗികമായും തകർന്നു.