minister
തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോല്പാദക യൂണിയൻ കൊല്ലം ടൗൺ ഹാളിൽ സംഘടിപ്പിച്ച സമ്മേളനവും നന്ദിയോട് രാജൻ സ്മാരക പുരസ്കാരദാനവും മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യുന്നു. മിൽമ തിരുവനന്തപുരം മേഖല ചെയർമാൻ കല്ലട രമേശ്, നാഷണൽ കോ ഓപ്പറേറ്റീവ് ഡയറി ഫെഡറേഷൻ ഒഫ് ഇന്ത്യ ചെയർമാൻ മംഗൾജിത്ത് റായി, മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ, കേരള ക്ഷീര വികസന ബോർഡ് ചെയർമാൻ എൻ. രാജൻ, ഡയറക്ടർ എസ്.ശ്രീകുമാർ, ഡയറക്ടർ ബോർഡംഗം വേണുഗോപാലക്കുറുപ്പ് തുടങ്ങിയവർ സമീപം

വില വർദ്ധനവ് ഉൾപ്പെടെ ചർച്ച ചെയ്യാൻ സർക്കാർ യോഗം വിളിക്കും

 നന്ദിയോട് രാജൻ പുരസ്‌കാരം പി.ടി.ഗോപാലകുറുപ്പിന് സമ്മാനിച്ചു

കൊല്ലം: പാലിന് വില വർദ്ധിപ്പിക്കുമെന്ന മിൽമയുടെ ഏകപക്ഷീയ പ്രഖ്യാപനം ശരിയല്ലെന്ന് ക്ഷീരകവികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ സംഘടിപ്പിച്ച നന്ദിയോട് രാജൻ പുരസ്‌കാര സമർപ്പണ സമ്മേളനം കൊല്ലം സി. കേശവൻ സ്മാരക ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പാലിന് തോന്നിയ പോലെ വില വർദ്ധിപ്പിക്കാൻ അനുവദിക്കില്ല. വില വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ചർച്ച ചെയ്യാൻ വൈകാതെ തന്നെ യോഗം വിളിക്കും. സർക്കാർ അധികാരത്തിൽ വന്ന ശേഷം പാലിന് നാല് രൂപ വില വർദ്ധിപ്പിച്ചു.

വർദ്ധിപ്പിച്ച വിലയുടെ ഏറിയ പങ്കും കർഷകന് ലഭിക്കുന്ന തരത്തിലാണ് സർക്കാർ ഇടപെട്ടത്. ക്ഷീരമേഖല സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുകയാണ്. ഉപജീവനത്തിനായി പശുവിനെ വളർത്തുന്നവരാണ് കേരളത്തിന്റെ ക്ഷീര മേഖലയിലുള്ളത്. പാലിന്റെ ഉൽപ്പാദന തോത് കണക്കിലെടുത്താൽ കേരളമാണ് ഒന്നാമത്. പാലിന്റെ കാര്യത്തിൽ സ്വയം പര്യാപ്‌തത കൈവരിക്കാൻ വൈകാതെ കേരളത്തിനാകുമെന്നും മന്ത്രി പറഞ്ഞു.

മിൽമ തിരുവനന്തപുരം മേഖലാ ചെയർമാൻ കല്ലട രമേശ് അദ്ധ്യക്ഷത വഹിച്ചു. നന്ദിയോട് രാജൻ സ്‌മാരക പുരസ്‌കാരം മിൽമ മുൻ ചെയർമാൻ പി.ടി. ഗോപാലകുറുപ്പിന് മന്ത്രി സമ്മാനിച്ചു. എൻ.സി.ഡി.എഫ്.ഐ ചെയർമാൻ മംഗൾജിത്ത് റായി, മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ, ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. രാജൻ, ക്ഷീര വികസന വകുപ്പ് ഡയറക്‌ടർ എസ്. ശ്രീകുമാർ, എൻ.സി.ഡി.എഫ്.ഐ മാനേജിംഗ് ഡയറക്‌ടർ കെ.സി.സുപേക്കർ, തിരുവനന്തപുരം മിൽമ ഡയറക്‌ടർ വി. വേണുഗോപാലകുറുപ്പ്, മാനേജിംഗ് ഡയറക്‌ടർ കുര്യാക്കോസ് സക്കറിയ തുടങ്ങിയവ‌ർ പ്രസംഗിച്ചു. മികച്ച ക്ഷീര സംഘത്തിനുള്ള കോയിവിള വിജയൻ സ്‌മാരക അവാർഡ്, മികച്ച ക്ഷീര കർഷകർക്കുള്ള അവാർഡ്, ഗുണനിലവാരമുള്ള പാൽ നൽകിയ സംഘത്തിനുള്ള അവാർഡ്, മികച്ച ക്ഷീര സംഘങ്ങൾക്കുള്ള ജില്ലാതല അവാർഡ് തുടങ്ങിയവയും ചടങ്ങിൽ വിതരണം ചെയ്‌തു.