കൊല്ലം: തെരുവ്നായക്കളെ വന്ധീകരിക്കാനുള്ള എ.ബി.സി പദ്ധതിയുടെ നടപ്പാക്കൽ മന്ദഗതിയിലായതോടെ ജില്ലയിൽ തെരുവുനായ്‌ക്കളുടെ എണ്ണം ഗണ്യമായി പെരുകുന്നു. കൊല്ലം നഗരസഭാ പ്രദേശങ്ങളിലാണ് തെരുവ്നായ ശല്യം കൂടുതൽ രൂക്ഷമാകുന്നത്. ജില്ലയിൽ 70,000 ലധികം തെരുവ് നായ്‌ക്കളുണ്ടെന്നാണ് കണക്ക്. ഇവയിൽ അയ്യായിരത്തോളം നായ്‌ക്കൾ മാത്രമാണ് ശസ്‌ത്രക്രിയക്ക് വിധേയമായിട്ടുള്ളത്.
ഇക്കഴിഞ്ഞ മാർച്ചിലാണ് എ.ബി.സി പദ്ധതി അവസാനിച്ചത്. അടുത്ത ഘട്ടമായി 2020 മാർച്ച് വരെ നീളുന്ന പദ്ധതി ഒരാഴ്‌ചയ്‌ക്കുള്ളിൽ ആരംഭിക്കുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നത്. ഇതിനായി ഡോക്‌ടർമാർ, അറ്റൻഡർമാർ, നായപിടിത്തക്കാർ, ഉപകരണങ്ങൾ, മരുന്നുകൾ ഉൾപ്പെടെയുള്ള യൂണിറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്.
മാലിന്യ നിക്ഷേപം വില്ലൻ
കോർപ്പറേഷൻ പ്രദേശത്ത് ആളൊഴിഞ്ഞ പറമ്പുകളിൽ മാലിന്യ നിക്ഷേപം വർദ്ധിക്കുന്നതാണ് തെരുവ്നായ ശല്യം കൂടാനുള്ള പ്രധാന കാരണം. ഇവ പൊതുനിരത്തുകളിൽ വാഹന യാത്രക്കാർക്കും കാൽ നടയാത്രികർക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങളിൽ അമിതവേഗതയിൽ പായുന്നവർ മിക്കപ്പോഴും തെരുവ്നായ്‌ക്കൾ കുറുകെ ചാടുന്നതിനാൽ അപകടങ്ങളിൽപ്പെടുകയാണ്.
എന്താണ് എ.ബി.സി പദ്ധതി ?
ആനിമൽ ബർത്ത് കൺട്രോൾ എന്നതാണ് എ.ബി.സി പദ്ധതിയുടെ പൂർണ രൂപം. തെരുവ് നായ്ക്കളെ പിടികൂടി അവയെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി വംശവർദ്ധനവ് കുറയ്‌ക്കുന്നതാണ് പദ്ധതി. പ്രത്യേകം ഏജൻസി വഴിയാണ് കോർപ്പറേഷനിൽ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് ആവശ്യമായ ഫണ്ടും നൽകുന്നുണ്ട്.
ജനങ്ങളുടെ പ്രതിഷേധം
ശസ്‌ത്രക്രിയയ്‌ക്ക് ശേഷം നായ്‌ക്കളെ രണ്ട് ദിവസമെങ്കിലും പ്രത്യേകം പാർപ്പിക്കേണ്ടതുണ്ട്. അതിനുള്ള ബുദ്ധിമുട്ടുകളാണ് പദ്ധതിയെ പിന്നോട്ട് വലിക്കുന്നത്. പലയിടങ്ങളിലും ശസ്‌ത്രക്രിയക്കും അതിനുശേഷവുമായുള്ള പരിചരണത്തിനായി തിരഞ്ഞെടുക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തുന്നതിനാൽ പദ്ധതി നടപ്പാക്കാൻ കഴിയാത്ത അവസ്ഥയാണ്. പ്രതിമാസം നാൽപതിനായിരത്തോളം രൂപയാണ് ഇതിനായി നിയമിക്കുന്ന ഡോക്‌ടർമാർക്ക് നൽകുന്നത്.
കോർപ്പറേഷൻ പരിധിക്കുള്ളിൽ നായശല്യം വർദ്ധിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിയന്ത്രിക്കാൻ ഉടൻ നടപടി സ്വീകരിക്കും.
വിജയ ഫ്രാൻസിസ്, ഡെപ്യൂട്ടി മേയർ
പേവിഷ വിമുക്ത സംസ്ഥാനം എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി സംസ്ഥാനത്ത് ഒട്ടാകെ നടപ്പാക്കുന്നത്. ജില്ലയിൽ പന്മന, നെടുമ്പന, മയ്യനാട്, പരവൂർ എന്നിവിടങ്ങളിൽ പദ്ധതി എല്ലാ വർഷവും വിജയകരമായി നടപ്പാക്കുന്നുണ്ട്. കൊല്ലം കോർപ്പറേഷൻ പ്രദേശത്ത് അടുത്ത ആഴ്‌ച മുതൽ പദ്ധതി ആരംഭിക്കും.
ഡോ. ഡി. ഷൈൻകുമാർ (അഡിഷണൽ ഡയറക്‌ടർ, മൃഗസംരക്ഷണ വകുപ്പ്)
ജില്ലയിൽ 70,000 ലധികം തെരുവ് നായ്‌ക്കൾ
വന്ധ്യംകരണത്തിന് വിധേയമായിട്ടുള്ളത് 5000ഓളം നായ്‌ക്കൾ