കരുനാഗപ്പള്ളി: കെ.എം.എം.എൽ ഫാക്ടറി അധികൃതർക്കെതിരെ ചിറ്റൂരിലെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. കമ്പനിയിൽ നിന്ന് പമ്പ് ചെയ്ത ആസിഡ് കർന്ന മലിനജലം പൈപ്പ് ലൈൻ പൊട്ടി പ്രദേശത്ത് തളം കെട്ടി നിൽക്കുന്നതാണ് പ്രദേശവാസികളെ പ്രകോപിപ്പിച്ചത്. ഫാക്ടറിയിൽ മലിനജലം സംഭരിക്കുന്ന കുളത്തിൽ നിന്നാണ് ആസിഡ് കലർന്ന വെള്ളം പമ്പ് ചെയ്ത് കടലിൽ കളയുന്നത്. കമ്പനിയിൽ നിന്നാരംഭിക്കുന്ന പൈപ്പ് ലൈൻ ടി.എസ് കനാലിന്റെ അടിയിലൂടെയാണ് കടലിൽ എത്തിച്ചിട്ടുള്ളത്.
പ്ലാന്റുകൾ പ്രവർത്തിക്കുമ്പോൾ പുറത്തേക്ക് വരുന്ന മലിന ജലമാണ് പൈപ്പ് വഴി കടലിൽ തള്ളുന്നത്. മലിനജലം ഒഴുകുന്ന പൈപ്പ് ലൈനിന്റെ ഇരു വശങ്ങളിലുമായി 300 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. പുറത്തേക്ക് ഒഴുകിയ ജലം പെട്ടന്നു തന്നെ കട്ടപിടിച്ചു. ഫാക്ടിയുടെ പ്രവർത്തന സമയത്ത് കുളത്തിൽ ശേഖരിക്കുന്ന ആസിഡ് കലർന്ന വെള്ളം ശുദ്ധീകരിച്ച് മാത്രമേ പുറത്തേക്ക് ഒഴുക്കാവൂ എന്നാണ് ചട്ടം. എന്നാൽ കമ്പനി വെള്ളം ശുദ്ധീകരിച്ചല്ല കടലിലേക്ക് തള്ളുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. പുറത്ത് തളം കെട്ടി നിൽക്കുന്ന വെള്ളത്തിന്റെ സാമ്പിൾ മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ ശേഖരിച്ചു.
മലിനജലം ഒഴുകുന്ന പൈപ്പ് ലൈനിന്റെ ഇരു വശങ്ങളിലുമായി താമസിക്കുന്നത് 300 ഓളം കുടുംബങ്ങൾ
കമ്പനിക്ക് സ്ഥലം വിട്ടു നൽകുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി സർക്കാർ അംഗീകരിച്ച പുനരധിവാസ പാക്കേജ് എത്രയും വേഗം നടപ്പാക്കണം. ജനകീയ സമരത്തോട് സർക്കാർ കാണിക്കുന്ന അസഹിഷ്ണതയും പ്രശ്നങ്ങളെ വഷളാക്കുന്ന സർക്കാരിന്റെ നയവും പുനപരിശോധിക്കണം.
എൻ.കെ. പ്രേമചന്ദ്രൻ എം.പി
നാട്ടുകാർ ഇടഞ്ഞു: പമ്പിംഗ് നിറുത്തി
ഇന്നലെ രാവിലെ 7 മണിയോടെ കണ്ണോളി ജംഗ്ഷനിലെ പൈപ്പ് തകർന്ന് ആസിഡ് കർന്ന മലിനജലം പുറത്തേക് ഒഴുകുകയായിരുന്നു. 10 മിനിറ്റോളം വെള്ളം പുറത്തേക്ക് ഒഴുകി. എം.എസ് പ്ലാന്റിലേക്ക് പോകുന്ന റോഡിലും പരിസര പ്രദേശങ്ങളിലും ജലം തളം കെട്ടി നിന്നു. നാട്ടുകാർ വൻ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഉദ്യോഗസ്ഥർ പമ്പിംഗ് നിറുത്തിവെച്ചത്. റോഡിൽ വെള്ളം തളം കെട്ടി നിന്നതോടെ ഇതു വഴിയുള്ള കാൽനാട യാത്രയും നാട്ടുകാർ തടഞ്ഞു.
നേതാക്കൾ സ്ഥലത്തെത്തി
എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഷിബു ബേബിജോൺ, ജില്ലാ പഞ്ചായത്ത് മെമ്പർ എസ്. ശോഭ,ചവറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു സണ്ണി, സംയുക്ത സമരസമിതി നേതാക്കളായ സജിത്ത് രഞ്ച്, രാഗേഷ് നിർമ്മൽ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു. ജനകീയ സമരത്തെ തുടർന്ന് കമ്പനി ഷട്ട്ഡൗൺ ചെയ്തിരിക്കുകയാണ്.