കൊല്ലം: കാർഷികോത്പന്നങ്ങൾക്ക് ആദായവില ലഭിക്കാനുള്ള അവകാശം ഉറപ്പാക്കൽ, കർഷകന്റെ കടബാധ്യത വിമുക്തി എന്നീ സ്വകാര്യ ബില്ലുകൾക്ക് പാർലമെന്റ് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്‌ത കളക്‌ടറേറ്റ് മാർച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. കർഷക സംഘം സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എൻ.എസ്. പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്കുള്ള നിവേദനം ജില്ലാ കളക്‌ടർക്ക് കൈമാറി. കളക്‌ടറേറ്റ് പടിക്കൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് സി. ബാൾഡുവിൻ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം വി.കെ. അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.എസ്. സതീഷ്, ബിജു കെ. മാത്യു, കെ.എൻ. ശാന്തിനി, കർഷക സംഘം കൊല്ലം ഏരിയാ സെക്രട്ടറി ആർ. വിജയൻ, കൊല്ലം ഈസ്‌റ്റ് ഏരിയ സെക്രട്ടറി കെ. രാജു എന്നിവർ സംസാരിച്ചു.