road
കൊല്ലം-തിരുമംഗലം ദേശിയ പാതയിൽ നിന്നാരംഭിക്കുന്ന പുനലൂർ കച്ചേരി റോഡ് വെട്ടിപ്പൊളിച്ച നിലയിൽ

പുനലൂർ: കഴിഞ്ഞ മാസം നവീകരിച്ച പുനലൂർ - കച്ചേരി റോഡ് വെട്ടിപ്പൊളിച്ചതിനെതിരെ യാത്രക്കാർ വൻ പ്രതിഷേധവുമായി രംഗത്ത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിലുണ്ടായ ചോർച്ച പരിഹരിക്കാനാണ് ഗവ. താലൂക്ക് ആശുപത്രിക്ക് മുന്നിലൂടെ കടന്ന് പോകുന്ന കച്ചേരി റോഡിലെ മൂന്നിടം വെട്ടിപ്പൊളിച്ചത്. ഗവ. താലൂക്ക് ആശുപത്രിക്ക് പുറമേ നഗരസഭാ കാര്യാലയം, ഫോറസ്റ്റ് ഡിവിഷണൽ ഓഫീസ്, അഞ്ച് കോടതികളും അതിന്റെ ഓഫീസുകളും, ട്രഷറി, താലൂക്ക് ഓഫീസ്, മൃഗാശുപത്രി, താലൂക്ക് സിവിൽ സപ്ലൈ ഓഫീസ് എന്നിവയടക്കം 60 ഓളം സർക്കാർ - സ്വകാര്യ ഓഫീസുകളിലെ ജീവനക്കാർ ദിവസേനെ കടന്നുപോകുന്ന പാതയാണ് വെട്ടിപ്പൊളിച്ചത്. ഇത് വഴിയുള്ള വാഹനഗതാഗം ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്.

15.25 കോടി രൂപ

15.25 കോടി രൂപ ചെലവഴിച്ച് ഏഴ് മാസം മുമ്പ് ടൗണിലെ അഞ്ച് സമാന്തര പാതകളുടെ നവീകരണ പ്രവർത്തനം ആരംഭിച്ചെങ്കിലും കഴിഞ്ഞ മാസമായിരുന്നു ടാറിംഗ് നടത്തി മോടി പിടിപ്പിച്ചത്. അതിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട റോഡാണ് ഇന്നലെ വെട്ടിപ്പൊളിച്ച കച്ചേരി റോഡ്.

40 വർഷം

40 വർഷം മുമ്പ് സ്ഥാപിച്ച പൈപ്പു ലൈനുകളിലാണ് ചോർച്ച അനുഭവപ്പെടുന്നതെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. കച്ചേരി റോഡിലെ ചോർച്ച രണ്ട് ദിവസത്തിനകം പരിഹരിക്കും. തുടർന്ന് അവസാന ഘട്ട മിനുക്കു പണികൾക്ക് ശേഷം റോഡ് ഗതാഗത യോഗ്യമാക്കി മാറ്റുമെന്നും അവർ വ്യക്തമാക്കി.

കാലപ്പഴക്കമുള്ള പൈപ്പ് ലൈനുകൾ

നവീകരിച്ച പാതയുടെ വശങ്ങളിൽ പുതിയ ഓടകൾ നിർമ്മിച്ച ശേഷം നടപ്പാതകൾ തറയോട് പാകി മനോഹരമാക്കിയിരുന്നു. ഇത് വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഇത് വഴി താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾക്കും ആശ്വാസമായിരുന്നു. എന്നാൽ വാട്ടർ അതോറിറ്റിയുടെ കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകൾ മാറ്റി പുതിയത് സ്ഥാപിക്കാതെയാണ് കച്ചേരി റോഡ് നവീകരിച്ചത്. ഇതാണ് പൈപ്പ് ലൈനുകളിൽ ചോർച്ചയുണ്ടാവാനുള്ള പ്രധാന കാരണം. എന്നാൽ സമീപത്തെ എം.എൽ.എ റോഡ് നവീകരിച്ച് മോടി പിടിപ്പിക്കുന്നതിന് മുമ്പ് കാലപ്പഴക്കം ചെന്ന പഴയ പൈപ്പ് ലൈനുകൾ മാറ്റി പുതിയത് സ്ഥാപിച്ചിരുന്നു. ഇതിനൊപ്പം നവീകരണം പൂർത്തിയാക്കിയ പുനലൂർ മാർക്കറ്റ് -ചൗക്ക റോഡിലും പൈപ്പുകൾക്ക് ചോർച്ചയുണ്ടെന്ന് സമീപ വാസികൾ പറയുന്നു.

2000

ദിവസവും 2000ൽ അധികം രോഗികൾ ചികിത്സ തേടി ഗവ. താലൂക്ക് ആശുപത്രിയിലെത്തുന്ന കച്ചേരി റോഡ് വെട്ടിപ്പൊളിച്ചതോടെയാണ് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. റോഡ് വെട്ടിപ്പൊളിച്ചതോടെ ആശുപത്രിയിലെത്താൻ രോഗികൾ വളരെ ബുദ്ധിമുട്ടുന്നുണ്ട്. ഇവിടത്തെ തിരക്കും പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്.