കൊല്ലം: ഹരിത കേരളം മിഷന്റെ 'മാലിന്യത്തിൽ നിന്ന് സ്വാതന്ത്യം' രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത കേരളം മിഷൻ, കില എന്നിവയുടെ നേതൃത്വത്തിൽ ഹരിത നിയമാവലി ജില്ലാതല പരിശീലനം കൊട്ടിയം അനിമേഷൻ സെന്ററിൽ നടന്നു. മാലിന്യം കത്തിക്കുന്നവർക്കെതിരെയും ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നവർക്കെതിരെയും സ്വീകരിക്കേണ്ട നിയമ നടപടികളെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുകയാണ് ലക്ഷ്യം.
ആദ്യഘട്ടത്തിൽ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് പരിശീലനം നൽകി. വിവിധ സെഷനുകളിലായി കൊല്ലം ഈസ്റ്റ് എസ്.ഐ ആർ. ബൈജു, മലിനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റന്റ് എൻജിനിയർ സ്മിത, ഭക്ഷ്യ സുരക്ഷാ ഓഫീസർ ചിത്ര മുരളി, റിട്ട. പഞ്ചായത്ത് സെക്രട്ടറിമാർ, ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ രാജു തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. 7,8 തീയതികളിൽ നടക്കുന്ന രണ്ടാംഘട്ട പരിശീലനത്തിൽ അസിസ്റ്റന്റ് സെക്രട്ടറിമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർ പങ്കെടുക്കും.