കൊല്ലം: ഓച്ചിറ മുതൽ പാരിപ്പള്ളി കടമ്പാട്ടുകോണംവരെ ദേശീയപാത 66 ന്റെ വികസനത്തിനായി ഏറ്റെടുത്ത ഭൂമിയുടെ അളവ് നടപടികൾ നാളെ ആരംഭിക്കും. ഇതിനായി നാല് യൂണിറ്റുകളിലായി 40 സർവേയർമാരെ നിയോഗിച്ചു. ആറ് മാസത്തിനുള്ളിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കാനാണ് റവന്യു വകുപ്പ് ലക്ഷ്യമിടുന്നത്. സ്ഥലമേറ്റെടുപ്പ് വിജ്ഞാപനവുമായി ബന്ധപ്പെട്ട് പരാതി നൽകാനുള്ള സമയപരിധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു.
വിവിധ വിഷയങ്ങളിൽ 830 പരാതികളാണ് ലഭിച്ചത്. ആദ്യഘട്ട അദാലത്ത് വെള്ളിയാഴ്‌ച നടത്തി. ശേഷിക്കുന്ന പരാതികളിൽ 8, 9, 11, 12, 17, 20, 23 തീയതികളിൽ അദാലത്ത് നടത്തും. 3 ഡി വിജ്ഞാപനം ഭാഗികമായി പൂർത്തീകരിച്ച കരുനാഗപ്പള്ളിയിലെ ഓച്ചിറ, കുലശേഖരപുരം, ആദിനാട് വില്ലേജുകളിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിർണ്ണയിക്കാനുള്ള നടപടികൾ കരുനാഗപ്പള്ളി സ്‌പെഷ്യൽ തഹസീൽദാരുടെ നേതൃത്വത്തിൽ ആരംഭിച്ചു. സ്ഥലം നഷ്ടമാകുന്നവർക്ക് നിലവിലെ വിപണിവില ലഭിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയരുന്നത്. ആകെ അഞ്ച് സെന്റ് സ്ഥലം ഉള്ളവരുടെ മൂന്ന് സെന്റ് ദേശീയപാതയ്‌ക്കായി നഷ്‌ടപ്പെടുമ്പോൾ ശേഷിക്കുന്ന രണ്ട് സെന്റിൽ ഉപാധി രഹിത നിർമ്മാണം നടത്താൻ അനുവദിക്കണമെന്ന ആവശ്യവുമുണ്ട്.
ഏറ്റെടുക്കുന്നത് 80 ഹെക്‌ടർ ഭൂമി
കടമ്പാട്ട്കോണം മുതൽ ഓച്ചിറ വരെയുള്ള 56 കിലോമീറ്റർ ദൂരത്തിൽ 80 ഹെക്ടർ ഭൂമിയാണ് ദേശീയപാത വികസനത്തിനായി സർക്കാർ ഏറ്റെടുക്കുന്നത്. 45 മീറ്റർ വീതിയിലാണ് ദേശീയപാതയുടെ വീതി വർദ്ധിപ്പിക്കുന്നത്. ദേശീയപാത കടന്ന് പോകുന്ന മേഖലകളിലെ പള്ളികളുടെ കബർസ്ഥാൻ സംരക്ഷിക്കണം, ക്ഷേത്രം നിലനിറുത്തണം തുടങ്ങിയ ആവശ്യങ്ങളും റവന്യു വകുപ്പിന് ലഭിച്ച പരാതികളിലുണ്ട്.
കടമ്പാട്ടുകോണം മുതൽ ഓച്ചിറ വരെ 56 കിലോമീറ്റർ
ഏറ്റെടുക്കുന്നത് 80 ഹെക്‌ടർ ഭൂമി
ദേശീയപാതയുടെ വീതി 4 വരിയിൽ 45 മീറ്ററാകും
ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നത് നാളെ മുതൽ