കൊല്ലം: രോഗശമനത്തിനായി ഉപയോഗിക്കുന്ന മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട ഗുളികകളും ഇഞ്ചക്ഷൻ വാട്ടറും സിറിഞ്ചുകളുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്‌തു. കൊല്ലം തങ്കശേരി ബോണവിസ്റ്റ വീട്ടിൽ മാർട്ടിനാണ് (24) പിടിയിലായത്.
ഗുളികകൾ പൊടിച്ച് ഇഞ്ചക്ഷൻ വാട്ടറിൽ ലയിപ്പിച്ച് സിറിഞ്ച് ഉപയോഗിച്ച് ശരീരത്തിൽ കുത്തിവയ്ക്കുന്നതാണ് മാർട്ടിന്റെ പതിവ്. ഇതിനായി ഗുളികകൾ പൊടിച്ച് പ്രത്യേക അളവിലാക്കി പൊതിഞ്ഞ് സൂക്ഷിക്കും.
തങ്കശേരി പലിമുട്ട് ഭാഗത്തിരുന്നാണ് ഇഞ്ചക്ഷൻ എടുക്കുന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തി. സുഹൃത്തുക്കൾക്കൊപ്പം ഇതിനായി പോകുമ്പോഴായിരുന്നു എക്സൈസ് സംഘം പിടികൂടിയത്. ഗുളികകൾ പൊടിച്ച പൊതി ആവശ്യക്കാർക്ക് വിൽപ്പനയും നടത്തിയിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്ന ജില്ലയ്‌ക്ക് പുറത്തുള്ള സംഘങ്ങളിൽ നിന്ന് 800 രൂപ നിരക്കിലാണ് 10 ഗുളികകൾ വാങ്ങിയത്. ഓപ്പറേഷൻ ഡ്രഗ്‌സ് ഫ്രീ കൊല്ലം പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ പരിശോധനകൾ ശക്തമാക്കിയപ്പോൾ നിരവധി യുവാക്കൾ അറസ്റ്റിലായിരുന്നു.
ഇവരിൽ നിന്ന് കൊല്ലം എക്സൈസ് സി.ഐ ഐ. നൗഷാദിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാർട്ടിൻ പിടിയിലായത്.