nedungolam

പരവൂർ: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് പരവൂർ എസ്.എൻ.വി ഗേൾസ് ഹൈസ്‌കൂളിലെ കേഡറ്റുകൾ 200ഓളം ഭക്ഷണപ്പൊതികൾ ശേഖരിച്ച് നെടുങ്ങോലം രാമറാവു ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിതരണം ചെയ്തു. പരവൂർ എസ്.ഐ ജയകുമാർ ഭക്ഷണപ്പൊതികൾ രോഗികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു.

ഡോ. സംഗീത, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ജയലാൽ ഉണ്ണിത്താൻ, സുനിൽകുമാർ, സി.പി.ഒമാരായ ബീന, സിനി, എസ്.പി.സി ഡബ്ലിയു.ഡി ശ്രീലത, സ്‌കൂൾ എസ്.പി.സി മെമ്പർ പരവൂർ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. എസ്.പി.സി സൂപ്പർ സീനിയർ കേഡറ്റ് ബിസ്മിത സ്വാഗതവും സ്കൂൾ മാനേജർ ജയരാജൻ നന്ദിയും പറഞ്ഞു.

തുടർച്ചയായി എല്ലാ മാസവും അവസാനത്തെ ശനിയാഴ്ച നെടുങ്ങോലം ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രഭാതഭക്ഷണം വിതരണം ചെയ്യുമെന്ന് സ്കൂൾ മാനേജർ ജയരാജൻ പറഞ്ഞു.