ചാത്തന്നൂർ: നബാർഡിന്റെ കാർഷിക വികസന പദ്ധതി നടപ്പിലാക്കുന്ന പ്രദേശമായ പോളച്ചിറ ഏലായിൽ സ്വകാര്യവ്യക്തി കരമണ്ണ് കൊണ്ടുവന്ന് നികത്തിയത് റവന്യു അധികൃതർ ഇടപെട്ട് നീക്കം ചെയ്തു. ചിറക്കര വില്ലേജിൽ ചിറക്കരത്താഴത്ത് കാവുവിള വീട്ടിൽ വിദ്യാധരൻ മകൻ വിജയനാണ് പോളച്ചിറ മണലുമുക്കിലുള്ള തന്റെ നിലം കഴിഞ്ഞദിവസം നികത്തിയത്.
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമാകയാൽ മണ്ണ് നീക്കം ചെയ്യുവാൻ വില്ലേജ് ഓഫീസറും ചാത്തന്നൂർ എസ്.ഐ സരിനും കർശന നിർദ്ദേശം നൽകിയതിനെ തുടർന്ന് മണിക്കൂറുകൾക്കകം നിലമുടമ തന്നെ മണ്ണ് നീക്കം ചെയ്യുകയായിരുന്നു. നീക്കം ചെയ്ത മണ്ണ് ചിറക്കര വില്ലേജ് ഓഫീസിന് സമീപമുള്ള സർക്കാർ ഭൂമിയിൽ സൂക്ഷിച്ചിട്ടുണ്ട്. നിലം പൂർവസ്ഥിതിയിൽ ആക്കണമെന്നും ഇനി ഇത്തരത്തിൽ നിയമംഘനം നടത്താൻ പാടില്ലെന്നും നിർദ്ദേശിച്ച് കൊല്ലം തഹസീൽദാർ ബി.പി. അനിയുടെ നിർദ്ദേശ പ്രകാരം ചിറക്കര വില്ലേജ് ഓഫീസർ ജ്യോതിഷ് നിലമുടമയ്ക്ക് നോട്ടീസ് നൽകി.
വരും ദിവസങ്ങളിൽ നിരീക്ഷണം ശക്തമാക്കി നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ചിറക്കര വില്ലേജിലെ കുഴുപ്പിൽ ഏലായിൽ വ്യാപകമാകുന്ന അനധികൃത നിലം നികത്തലിനും നിലം കുഴിപ്പിനുമെതിരെ ജൂലായ് 28ന് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.