കരുനാഗപ്പള്ളി: കശുഅണ്ടി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കരുനാഗപ്പള്ളി താലൂക്ക് കശുഅണ്ടി തൊഴിലാളി കൗൺസിലിന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ പ്രചാരണ ജാഥ സംഘടിപ്പിച്ചു. അടഞ്ഞ് കിടക്കുന്ന സ്വകാര്യ കശുഅണ്ടി ഫാക്ടറികൾ തുറന്ന് പ്രവർത്തിപ്പിക്കുക, തുറക്കാത്ത ഫാക്ടറികൾ സർക്കാർ ഏറ്റെടുക്കുക, വിരമിച്ച തൊഴിലാളികൾക്ക് പെൻഷൻ അനുവദിക്കുക, ഗ്രാറ്റുവിറ്രി വിതരണം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ സംഘടിപ്പിച്ചത്. പാവുമ്പാ കശുഅണ്ടി ഫാക്ടറിക്ക് മുന്നിൽ സംഘടിപ്പിച്ച ജാഥ വി. സുഗതൻ ഉദ്ഘാടനം ചെയ്തു. അജീർഷാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. വിശ്വവത്സൻ, ഗോപി എന്നിവർ പ്രസംഗിച്ചു.