കൊല്ലം: പോളയത്തോട് റെയിൽവേ ക്രോസിന് കുറുകെ മേല്പാലം നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കാൻ കളക്ടറെ ചുമതലപ്പെടുത്തി ഉത്തരവിറങ്ങി. 158. 04 സെന്റ് സ്ഥലമാണ് ഏറ്റെടുക്കുക.
സംസ്ഥാനത്തെ റെയിൽവേ വികസനത്തിനുള്ള സംസ്ഥാന സർക്കാരിന്റെയും റെയിൽവേയുടെയും സംയുക്ത സംരംഭമായ കെ.ആർ.ഡി.സി.എല്ലിനാണ് (കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്) പാലത്തിന്റെ നിർമ്മാണ ചുമതല. കെ.ആർ.ഡി.സി.എൽ പുതിയ പാലത്തിന്റെ രൂപരേഖ ഒരുമാസത്തിന് മുമ്പ് ദക്ഷിണ റെയിൽവേ അധികൃതർക്ക് സമർപ്പിച്ചിരുന്നു.
ഇരുവശങ്ങളിലേക്കുമുള്ള അപ്രോച്ച് റോഡ് സഹിതം 400 മീറ്ററാണ് മേല്പാലത്തിന്റെ നീളം. ഒരുവശത്ത് 1.5 മീറ്റർ വീതിയിൽ നടപ്പാത സഹിതം 10.5 മീറ്റർ ആണ് ആകെ വീതി. പാലത്തിനടിയിൽ സർവീസ് റോഡും വീതികൂട്ടി നിർമ്മിക്കും.
സ്ഥലമേറ്റെടുപ്പിന് മുന്നോടിയായി റെയിൽവേ, കെ.ആർ.ഡി.സി.എൽ അധികൃതർ സ്ഥലം സന്ദർശിക്കും. ഭൂമി വിട്ടുനൽകുന്നവരുമായുള്ള ചർച്ചയ്ക്ക് പുറമേ സാമൂഹ്യാഘാത പഠനവും നടത്തിയ ശേഷമാകും സ്ഥലം ഏറ്റെടുപ്പ്.
ഗതാഗതക്കുരുക്ക് അഴിയും
പുതിയ മേല്പാലം വരുന്നത് പോളയത്തോട് നിവാസികൾക്ക് പുറമെ പള്ളിമുക്ക് മുതൽ എസ്.എൻ കോളേജ് ജംഗ്ഷൻ വരെ റെയിൽവേ ഗേറ്റിന് അപ്പുറം താമസിക്കുന്ന പതിനായിരങ്ങൾക്കും ഗുണം ചെയ്യും. ട്രെയിനുകൾ കടന്നുപോകുമ്പോൾ പോളയത്തോട് ഗേറ്റിന് ഇരുവശവും വാഹനങ്ങളുടെ നീണ്ടനിര പതിവാണ്. അത്യാസന്ന നിലയിലുള്ളവരെ ആശുപത്രിയിലെത്തിക്കാൻ കിലോ മീറ്രറുകളോളം ഇടറോഡിലൂടെ ചുറ്റിക്കറങ്ങിയാലേ ദേശീയപാതയിൽ എത്താനാകൂ.
ഏറ്റെടുക്കുന്നത്
158. 04 സെന്റ് ഭൂമി
പോളയത്തോട് മേല്പാലം
400 മീറ്റർ നീളം (അപ്രോച്ച് റോഡ് സഹിതം)
10.5 മീറ്റർ വീതി
1.5 മീറ്റർ വീതിയിൽ ഒരുവശത്ത് നടപ്പാത
പാലത്തിനടിയിൽ സർവീസ് റോഡ്
ചെലവ് 30 കോടി രൂപ
30 കോടി രൂപയാണ് പാലം നിർമ്മാണത്തിനുള്ള ചെലവ് പ്രതീക്ഷിക്കുന്നത്. ഈ തുക സംസ്ഥാന സർക്കാരും റെയിൽവേയും തുല്യമായി വഹിക്കും. സ്ഥലമേറ്റെടുക്കാനുള്ള ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കും.