navas
അനാഥമായി കിടക്കുന്ന ശാസ്താംകോട്ട ഡിപ്പോ

താലൂക്കിലൂടെയുള്ള നിരവധി ബസ് സർവീസുകൾ നിറുത്തലാക്കി

ശാസ്താംകോട്ട ഡിപ്പോയുടെ പ്രവർത്തനം ഇനിയും ആരംഭിച്ചില്ല

അവഗണനയിൽ പ്രതിഷേധിച്ച് പന്തുകളിയുമായി യുവജന സംഘടനകൾ

ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിനോട് കെ.എസ്.ആർ.ടി.സിക്ക് അവഗണനയെന്ന് പരാതി. താലൂക്കിലൂടെയുള്ള നിരവധി സർവീസുകൾ റദ്ദാക്കിയതും വർഷങ്ങൾ പിന്നിട്ടിട്ടും ശാസ്താംകോട്ട ഡിപ്പോയുടെ പ്രവർത്തനം ആരംഭിക്കാത്തതുമാണ് യാത്രക്കാരെ വലയ്ക്കുന്നത്. ഏറെ ഉപകാരപ്രദമായിരുന്ന ഏഴോളം സർവീസുകളാണ് ഇതിനോടകം നിറുത്തലാക്കിയത്. രൂക്ഷമായ യാത്രാക്ലേശത്തിൽ വലയുന്ന ജനങ്ങൾക്ക് ഇരുട്ടടിയാണ് ഈ തീരുമാനം.

ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമിയും കെട്ടിടങ്ങളുമാണ് കെ.എസ്.ആർ.ടി.സിയുടെ ഭാഗമായി താലൂക്കിൽ നശിക്കുന്നത്. പതിറ്റാണ്ടുകളായി തുടരുന്ന ആവശ്യമാണ് ശാസ്താംകോട്ട ഡിപ്പോ എന്നത്. ഏകദേശം 15 വർഷങ്ങൾക്ക് മുമ്പ് ശാസ്താംകോട്ട ചന്തയുടെ ഹൃദയഭാഗത്തുള്ള 64 സെന്റ് സ്ഥലം പഞ്ചായത്ത് മുൻകൈയെടുത്ത് ഡിപ്പോയ്ക്കായി വിട്ടുകൊടുത്തു. ഇവിടെ വ്യാപാരികൾ സമാഹരിച്ചുനൽകിയ 10 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടവും നിർമ്മിച്ചു. വാഹനങ്ങൾ കയറുന്നതിനുള്ള സൗകര്യത്തിനായി പലവ്യാപാര സ്ഥാപനങ്ങളും പൊളിച്ചുമാറ്റി. ഇത്രയൊക്കെ ചെയ്തിട്ടും ഡിപ്പോയുടെ പ്രവർത്തനം മാത്രം ആരംഭിച്ചില്ല. ഇതോടെ ജനകീയ പ്രക്ഷോഭം ആരംഭിക്കുകയും ഇവിടം കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററായി ഉദ്ഘാടനം ചെയ്യാൻ അധികൃതർ തീരുമാനിക്കുകയും ചെയ്തു. ഉദ്ഘാടന വേളയിൽ അന്നത്തെ ഗതാഗത വകുപ്പ് മന്ത്രി ഇവിടം ഡിപ്പോയായി ഉയർത്തി പ്രഖ്യാപനം നടത്തി. എന്നാൽ നടപടികൾ ഇവിടെ അവസാനിക്കുകയായിരുന്നു.

പ്രഖ്യാപനങ്ങൾ പാഴായി

ഡിപ്പോയുടെ ഭാഗമായി ഗാരേജ് നിർമ്മിക്കാൻ താലൂക്കിലെ പഞ്ചായത്തുകൾ സംയുക്തമായി 25 ലക്ഷം രൂപ ചെലവിൽ ഭൂമി വാങ്ങി. ഡിപ്പോയിൽ നിന്ന് 1 കിലോമീറ്റർ അകലെയുള്ള 1 ഏക്കർ സ്ഥലത്താണ് എം.എൽ.എ ഫണ്ടിൽ നിന്ന് ഒരുകോടിയിലധികം രൂപ ചെലവിൽ കെട്ടിടവും നിർമ്മിച്ചു. എന്നാൽ നടപടികൾ ഇവിടെ അവസാനിച്ചതോടെ ഡിപ്പോ സ്വപ്നം മാത്രമായി ഒതുങ്ങി. ഇതിനിടെ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഡിപ്പോയിൽ ബസ് വേ നിർമ്മിച്ചെങ്കിലും ഇതും പാഴായി. നിലവിൽ ഈ ഭൂമി സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് ഗ്രൗണ്ടായി. കെട്ടിടവും പരിസരവും തെരുവ് നായ്ക്കൾ കൈയടക്കി. ചില പൊതുപരിപാടികൾ ഇവിടെ സംഘടിപ്പിച്ചതാണ് ആകെ ഉണ്ടായ നേട്ടം.

നിറുത്തലാക്കിയ സർവീസുകൾ

01.കൊല്ലം- കടപുഴ

02.കൊല്ലം- പടിഞ്ഞാറെ കല്ലട

03. കൊല്ലം - തേവലക്കര- അടൂർ

04. കൊല്ലം-മൈനാഗപ്പള്ളി - കുമരംചിറ- അടൂർ

05.ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ വഴി കരുനാഗപ്പള്ളി

06. കുന്നത്തൂർ ഫാസ്റ്റ് പാസഞ്ചർ

07. ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചർ

നിവേദനം നൽകി

താലൂക്കിലൂടെയുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ നിറുത്തലാക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ജില്ലാ ട്രാഫിക് ഓഫീസർക്ക് നിവേദനം നൽകി.

ഒരു പൊതു സ്ഥാപനത്തിനു വേണ്ടി ഇത്രയും വലിയ ജനകീയ പങ്കാളിത്തമുണ്ടാകുന്നത് കേരളത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും. പഞ്ചായത്ത് സ്ഥലം വിട്ടു നൽകി, വ്യാപാരികൾ കെട്ടിടം നിർമിച്ചു നൽകി, ഗാരേജിന് സ്ഥലം വാങ്ങി നൽകി. അങ്ങനെ വലിയ കൂട്ടായ്മയാണ് ഡിപ്പോയ്ക്ക് വേണ്ടി ഉണ്ടായത്. പക്ഷേ ഗവൺമെന്റ് തലത്തിൽ വേണ്ട ഇടപെടൽ നടത്താൻ കഴിയാതെ പോയതാണ് ഡിപ്പോ യാഥാർത്ഥ്യമാക്കാൻ കഴിയാത്തതിനു കാരണം "

തുണ്ടിൽ നൗഷാദ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്