കൊല്ലം: എം.ബി.ബി.എസ് പ്രവേശനത്തിന് ഉയർന്ന റാങ്ക് നേടിയ വിദ്യാർത്ഥികളുടെ അഖിലേന്ത്യാ ക്വാട്ട പ്രവേശനത്തെ പ്രതിസന്ധിയിലാക്കുംവിധം ഈ മാസം 7,8 തീയതികളിൽ നടത്തുന്ന കേരള ലിസ്റ്റിലെ മോപ്പ് അപ്പ് നടപടികൾ മാറ്റി വയ്ക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. ഇതിനായി മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് സെക്രട്ടറി, എൻട്രൻസ് കമ്മിഷണർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് കത്ത് നൽകി.
നീറ്റ് ലിസ്റ്റിൽ നിന്നും അഖിലേന്ത്യ തലത്തിലുളള പ്രവേശന നടപടികൾ പൂർത്തിയാക്കിയതിന് ശേഷമാണ് സാധാരണ കേരള ലിസ്റ്റിൽ നടപടികൾ ആരംഭിക്കുന്നത്. ഈ പതിവ് തെറ്റിച്ച്, കേരള ലിസ്റ്റിലെ മോപ്പ് അപ്പ് ആഗസ്റ്റ് 19ലെ അഖിലേന്ത്യ ലിസ്റ്റിലെ മോപ്പ് അപ്പിന് മുമ്പായി നടത്താനുളള തീരുമാനം ദുരുദ്ദേശ്യപരമാണ്. ഇത് മെഡിക്കൽ പ്രവേശനത്തിൽ സ്വകാര്യ സ്വാശ്രയ മാനേജ്‌മെന്റുകൾക്ക് ക്രമക്കേട് നടത്താൻ അവസരമുണ്ടാക്കും.
ഇ.എസ്.ഐ ആനുകൂല്യമുള്ളവരുടെ മക്കൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേയ്ക്ക് അഖിലേന്ത്യാ തലത്തിലുളള പ്രവേശനം ആരംഭിച്ചിട്ടില്ല. കേരള ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള ധാരാളം കുട്ടികൾക്ക് അഖിലേന്ത്യാ തലത്തിൽ മികച്ച കോളേജുകളിൽ പ്രവേശനം ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്. ഈ സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്താനാണ് അഖിലേന്ത്യാ തലത്തിലെ പ്രവേശന നടപടികൾക്ക് ശേഷം മാത്രം കേരളത്തിലെ നടപടികൾ ആരംഭിക്കുന്നത്. ഇത് പൂർണമായും നഷ്ടപ്പെടുത്തി കേരളത്തിലെ നൂറ് കണക്കിന് വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ നിശ്ചയിച്ചിരിക്കുന്ന സംസ്ഥാന മോപ്പ് അപ്പ് അഖിലേന്ത്യാ മോപ്പ് അപ്പിന് ശേഷമാക്കണമെന്ന് പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.