photo
ഫാക്ടറിയിൽ നിന്നും ആസിഡ് കലർന്ന മലിന ജലം കനാൽ വഴി ടി.എസ്.കനാലിലേക്ക് ഒഴുകുന്നു

കരുനാഗപ്പള്ളി: ഒരുകാലത്ത് നൂറുകണക്കിന് ജനങ്ങളുടെ ഉപജീവനമാർഗമായിരുന്ന

കൊതുമുക്ക് വട്ടക്കായലിലേയും ടി.എസ് കനാലിലേയും മത്സ്യ ബന്ധനം ഓർമ്മ മാത്രമാകുന്നു. മുമ്പ് സുലഭമായ ലഭിച്ചിരുന്ന മത്സ്യങ്ങളിൽ പലതിന്റെയും ലഭ്യതകുറഞ്ഞതാണ് തൊഴിലാളികളുടെ വയറ്റത്തടിക്കുന്നത്. കായലിൽ സുലഭമായി കണ്ടിരുന്ന പൂമീൻ, കോലാൻ, പരൽ മീനുകൾ, പ്രാച്ചി, ചൂട, കുറുവ തുടങ്ങിയ ഇനങ്ങളിൽപ്പെട്ട മത്സ്യങ്ങളാണ് ഇപ്പോൾ കാണാൻ പോലും ഇല്ലാതായത്.

400 ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന വട്ടക്കായലിനേയും ടി.എസ് കനാലിനേയും ആശ്രയിച്ച് നിരവധി മത്സ്യത്തൊഴിലാളികളാണ് അന്നത്തിന് വക കണ്ടെത്തിയിരുന്നത്. അരിനല്ലൂർ, കോയിവിള, ശാസ്താംകോട്ട, കോഴിക്കോട്, കൊല്ലക ഭാഗങ്ങളിലുള്ള മത്സ്യത്തൊഴിലാളികളാണ് ഇവരിലേറെയും. മത്സ്യ സമ്പത്ത് കുറഞ്ഞതോടെ പലരും മറ്റ് ഉപജീവന മാർഗങ്ങൾ സ്വീകരിച്ചു. ചവറ എം.എം.എം.എൽ ഫാക്ടറിയിൽ നിന്നും ആസിഡ് കലർന്ന മലിന ജലം കൊതിമുക്ക് വട്ടക്കായിലിലേക്കും ടി.എസ് കനാലിലേക്കും തുറന്നുവിടുന്നതാണ് മത്സ്യസമ്പത്ത് കുറയാൻ കാരണമെന്നാണ് തൊഴിലാളികൾ പറയുന്നത്.

പ്രതിസന്ധിയുടെ 3 പതിറ്റാണ്ട്

കെ.എം.എം.എൽ ഫാക്ടറിയിലെ കുളത്തിൽ ശേഖരിച്ചിരുന്ന ആസിഡ് കലർന്ന മലിനജലം മൂന്ന് പതിറ്റാണ്ടിന് മുമ്പ് മുതലാണ് കനാൽ നിർമ്മിച്ച് ടി.എസ് കനാലിലേക്കും ഓലംതുരുത്ത് വഴി വട്ടക്കായലിലേക്കും തുറന്നുവിട്ടു തുടങ്ങിയത്. ഫാക്ടറിക്കുള്ളിൽ നിന്നും 800 മീറ്ററോളം നീളത്തിൽ പൈപ്പ് ലൈൻ വലിച്ചാണ് മലിന ജലം ടി.എസ്. കനാലിലേക്ക് തള്ളുന്നത്. അന്ന് മുതൽ കായലിലെ ജലഘടനയിൽ മാറ്റങ്ങൾ സംഭവിച്ച് തുടങ്ങി. ഇതാണ് മത്സ്യ സമ്പത്ത് കുറയാൻ കാരണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

ആരോഗ്യ പ്രശ്നങ്ങളും നിരവധി

കായലിൽ രാസവസ്തുക്കളുടെ അളവ് വർദ്ധിച്ചതോടെ കായൽ മീൻ ഉപയോഗിക്കുന്നതിൽ നിന്ന് നല്ലൊരു വിഭാഗം ജനങ്ങളും പിൻവാങ്ങി. ഫാക്ടറിയിൽ നിന്ന് ഒഴുകി എത്തുന്ന മലിനജലം മനുഷ്യ ശരീരത്തിൽ നേരിട്ട് സ്പർശിക്കാൻ ഇടയായാൽ തൊലിപ്പുറം ചൊറിഞ്ഞ് തടിക്കുന്നത് പതിവാണെന്നാണ് ജനങ്ങൾ പറയുന്നത്. മലിനജലം ഫാക്ടറിക്കുള്ള വെച്ച് ശുദ്ധീകരിച്ചതിന് ശേഷം മാത്രമേ കായലിലേക്ക് ഒഴുക്കാവൂ എന്നതാണ് ചട്ടം. എന്നാൽ ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന തരത്തിലാണ് കമ്പനി പ്രവർത്തിക്കുനതെന്നാണ് നാട്ടുകാരുടെ പരാതി.

വർഷാവർഷം കോടികൾ ലാഭം കൊയ്യുന കമ്പനി ലാഭവിഹിതത്തിന്റെ ഒരംശം മാത്രം ചെലവഴിച്ചാൽ നാട്ടുകാർ നിലവിൽ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കഴിയും. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളാണ് കമ്പനി അധികൃതരിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

നാട്ടുകാർ