jail

കൊല്ലം: ബീച്ചിന് സമീപത്തെ ബാറിൽ പെയിന്റിംഗ് തൊഴിലാളിയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയ മുഖ്യപ്രതി പള്ളിത്തോട്ടം അനുഗ്രഹ നഗറിൽ ബിപിൻ (25) റിമാൻഡിൽ. ഇന്നലെ വൈകിട്ട് അഞ്ചരയോടെ വൈദ്യ പരിശോധനയ്‌ക്ക് ശേഷം കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയാണ് റിമാൻഡ് ചെയ്‌തത്. ശനിയാഴ്‌ച സന്ധ്യയ്‌ക്ക് ആറുമണിയോടെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലായിരുന്നു ബിപിൻ കീഴടങ്ങിയത്. മുണ്ടയ്‌ക്കൽ നേതാജിനഗർ അമ്പാടി ഭവനിൽ രാജുവാണ് (52) വെള്ളിയാഴ്‌ച വൈകിട്ട് ബിപിന്റെ അടിയേറ്റ് മരിച്ചത്. റസ്റ്റോറന്റിൽ നിന്ന് പുറത്തേക്കിറങ്ങിയ ബിപിന്റെ തലയിലിരുന്ന തൊപ്പി രാജു എടുത്തതാണ് പ്രകോപനത്തിന് കാരണം. അടിയേറ്റ് താഴെ വീണ രാജു തൽക്ഷണം മരിക്കുകയായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവമായിരുന്നു മരണകാരണം. രണ്ട് തവണ ചോദിച്ചിട്ടും തൊപ്പി തിരികെ തരാതിരുന്നപ്പോൾ പെട്ടെന്നുണ്ടായ പ്രകോപനത്താൽ മുഖത്തടിച്ചുവെന്നാണ് ബിപിന്റെ മൊഴി. ബിപിന്റെ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുകളെ ആദ്യ ഘട്ടത്തിൽ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചിരുന്നുവെങ്കിലും അവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്നാണ് പൊലീസ് വിലയിരുത്തൽ. അവരെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് ഈസ്റ്റ് സി.ഐ ആർ.രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തീരുമാനിച്ചതായാണ് സൂചന.