dipo

കൊല്ലം: ദീർഘദൂര ഫാസ്റ്റ് പാസഞ്ചറുകൾ റദ്ദാക്കി ചെയിൻ സർവീസുകളാക്കുന്ന പുതിയ പരിഷ്കാരം കാരണം ജില്ലയിൽ 24 ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ റദ്ദാക്കി. യാത്രക്കാർ പെരുവഴിയിലായപ്പോൾ ബസുകൾ ഡിപ്പോകളിൽ വെറുതെ ഇട്ടിരിക്കുകയാണ്.

സാധാരണ പുതിയ റൂട്ട് നിശ്ചയിച്ച ശേഷമാണ് സർവീസുകൾ റദ്ദാക്കാറുള്ളത്. എന്നാൽ, റദ്ദാക്കേണ്ട സർവീസുകൾ ചീഫ് ഓഫീസിലെ മേലധികാരികൾ നേരിട്ട് തീരുമാനിച്ച് ഡിപ്പോകൾക്ക് കൈമാറുകയായിരുന്നു.ഓരോ സർവീസും ജനങ്ങൾക്ക് എത്രമാത്രം പ്രയോജനം ചെയ്തിരുന്നു എന്നറിയാത്ത മേലധികാരികളുടെ നടപടിയിൽ വൻ പ്രതിഷേധം ഉയരുകയാണ്.

പുതിയ ചെയിൻ റൂട്ടുകൾ നിശ്ചയിച്ച് സർവീസ് ആരംഭിക്കാൻ ഇനിയും ദിവസങ്ങളെടുക്കും. ഇന്നലെ ഞായറാഴ്ച ആയതിനാൽ കൂട്ടത്തോടെയുള്ള റദ്ദാക്കാൽ കാര്യമായ പ്രശ്നം സൃഷ്ടിച്ചില്ല. ഇന്നു മുതൽ യാത്രാ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. പുതിയ സർവീസ് ആരംഭിക്കുന്നത് വരെ ജില്ലയിൽ 48 ജീവനക്കാർക്കും സ്ഥിരമായി ജോലി നഷ്ടമാകും.

രോഗികളെ പെരുവഴിയിലാക്കി

കൊല്ലം ഡിപ്പോയിൽ നിന്ന് രാവിലെ നാലു ബസുകൾ വിവിധ റൂട്ടുകൾ വഴി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോകുന്നവയായിരുന്നു. അതുവഴി തിരുവനന്തപുരത്ത് എത്തുന്ന ബസുകൾ തുടർന്ന് എറണാകുളത്തേക്കും സർവീസ് നടത്തിയിരുന്നു.

മെഡി. കോളേജ് വഴി തിരുവനന്തപുരം

സർവീസുകൾ : 4, ദിവസവരുമാനം ശരാശരി: 20000

1. സമയം 5.30 മെഡി. കോളേജ് വഴി തിരുവനന്തപുരം

2 5.30 കണ്ണനല്ലൂർ, കൊട്ടിയം, മെഡി. കോളേജ് വഴി തിരുവനന്തപുരം

3 7.20 മയ്യനാട്, കൂട്ടിക്കട, മെഡി.കാേളേജ് വഴി തിരുവനന്തപുരം

4 7.40 കരിക്കോട്, കണ്ണനല്ലൂർ, കൊട്ടിയം, മെഡി. കോളേജ് വഴി തിരുവനന്തപുരം

കൊല്ലം ഡിപ്പോയിൽ റദ്ദാക്കിയ ആറ് സർവ്വീസുകളിൽ നാലെണ്ണം ജില്ലയിലെ വിവിധ പ്രദേശങ്ങൾ വഴി പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോകുന്നവയായിരുന്നു. ചികിത്സയ്ക്ക് പോകാൻ ഈ മേഖലകളിലെ നൂറ് കണക്കിന് യാത്രക്കാരാണ് ഈ ബസുകളെ ആശ്രയിച്ചിരുന്നത്. ഇനി രണ്ടോ, മൂന്നോ ബസ് കയറിയാലെ ഇവർക്ക് മെഡിക്കൽ കോളേജിലേക്ക് പോകാൻ കഴിയു. ആര്യങ്കാവ് ഡിപ്പോയിൽ നിന്നും മൺട്രോതുരുത്തിലേക്കുള്ള മുപ്പത് വർഷത്തിലേറെ പഴക്കമുള്ള സർവ്വീസും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.

 ഡിപ്പോകളിലെ റദ്ദാക്കിയ സർവീസുകൾ

കൊല്ലം: 6

കൊട്ടാരക്കര: 3

ചടയമംഗലം:1

ചാത്തന്നൂർ:4

കരുനാഗപ്പള്ളി:6

പത്തനാപുരം:1

ആര്യങ്കാവ്:3

 ആദ്യ പരീക്ഷണം പരാജയം
കൊല്ലം ഡിപ്പോയിൽ നിന്നുള്ള ആദ്യ ഫാസ്റ്റ് പാസഞ്ചർ ചെയിൻ സർവീസ് അമ്പേ പരാജയമാണെന്ന് ജീവനക്കാർ പറയുന്നു. കൊല്ലം ഡിപ്പോയിൽ നിന്നും കുളത്തൂപ്പുഴ- ആലപ്പുഴ- തിരുവനന്തപുരം - കൊല്ലം ഫാസറ്റ് പാസഞ്ചർ സർവീസ് റദ്ദാക്കി കൊല്ലം കുളത്തൂപ്പുഴ ചെയിൻ സർവീസാക്കിയായിരുന്നു ഇന്നലെ പരീക്ഷണം നടത്തിയത്. 20000 രൂപയ്ക്ക് മുകളിലായിരുന്നു ഈ ബസിന്റെ നേരത്തെയുള്ള ശരാശരി വരുമാനം. ഇന്നലെ ഏഴായിരം രൂപയിൽ താഴെ മാത്രമാണ് ലഭിച്ചത്. റൂട്ടിൽ ഓടിത്തെളിഞ്ഞാലും വരുമാനം 15000 കടക്കില്ലെന്ന് ജീവനക്കാർ പറയുന്നു.