boomi
കച്ചേരിമുക്കിൽ കാടുപിടിച്ചുകിടക്കുന്ന ഭൂമി

കൊട്ടാരക്കര: കൊട്ടാരക്കര കച്ചേരിമുക്കിൽ എക്സൈസിന്റെ വകയായിരുന്ന ഭൂമി ഇനി പാർക്കിംഗ് ഏരിയയായി മാറും. കാട് വെട്ടിത്തെളിച്ച് ഇവിടെ വാഹന പാർക്കിംഗിന് സ്ഥലമൊരുക്കാനുള്ള നടപടികൾ ആരംഭിച്ചു. എൻ.ഒ.സി ലഭിക്കുന്ന മുറയ്ക്ക് ജോലികൾ ആരംഭിക്കുമെന്ന് റൂറൽ എസ്.പി ഹരിശങ്കർ അറിയിച്ചു. വാഹന പാർക്കിംഗിന് സ്ഥലമില്ലാതെ വലയുന്ന പട്ടണത്തിൽ ഫലപ്രദമായ സ്ഥലം കാടുകയറി നശിക്കുന്നുവെന്ന വാർത്ത ജൂലായ് 31ന് 'കച്ചേരിമുക്കിൽ എക്സൈസ് ഓഫീസ് വരില്ല, ഭൂമി വാഹന പാർക്കിംഗിന് ഒരുക്കണമെന്ന ആവശ്യം ശക്തം' എന്ന തലക്കെട്ടോടെ കേരള കൗമുദി പ്രസിദ്ധീകരിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ വിഷയം സജീവചർച്ചയായി മാറി. നേരത്തെ എക്സൈസ് ഓഫീസ് പ്രവർത്തിച്ചിരുന്ന സ്ഥലമാണ് കാടുകയറി നശിച്ചിരുന്നത്. 2009-10 വർഷത്തെ സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഇവിടെ എക്സൈസ് കോംപ്ളക്സ് നിർമ്മിക്കാൻ 2.09 കോടി രൂപ അനുവദിക്കുകയും ഇതിനായി പഴയ കെട്ടിടം പൊളിച്ച് നീക്കുകയും ചെയ്തിരുന്നു. കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയെങ്കിലും കേരള ക്ഷേത്ര സംരക്ഷണ സമിതിയും മറ്റ് ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലാണെന്ന് കാട്ടി ഹൈക്കോടതിയിൽ ഇവർ കേസും ഫയൽ ചെയ്തു.

സർക്കാരിന് അനുകൂലമായി കേസിൽ വിധി വന്നെങ്കിലും പ്രതിഷേധം തുടർന്നു. ഇതോടെയാണ് എക്സൈസ് കോംപ്ളക്സിന്റെ നിർമ്മാണം മറ്റൊരിടത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇതോടെ ഇവിടം കാടുമൂടി.കൊല്ലം-തിരുമംഗലം ദേശീയപാതയുടെ അരികിലായി ഉള്ള അര ഏക്കറിലധികം ഭൂമി വെട്ടിത്തെളിച്ചെടുത്താൽ വാഹന പാർക്കിംഗിന് ഉപകരിക്കുമെന്ന് വാർത്തയിൽ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് വിഷയത്തിൽ ജനകീയ ഇടപെടൽ ശക്തമായത്. ഒരാഴ്ചയ്ക്കുള്ളിൽ ഇവിടം വെട്ടിത്തെളിച്ച് വാഹന പാർക്കിംഗിന് സൗകര്യമൊരുക്കുമെന്നാണ് പ്രതീക്ഷ.

ഓണത്തിരക്കിന് ആശ്വാസമാകും

കൊട്ടാരക്കര പട്ടണത്തിൽ ഓണത്തിന്റെ തിരക്ക് തുടങ്ങിയാൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ തീരെ ഇടമില്ലാത്ത അവസ്ഥയായിരുന്നു. ഗതാഗത പരിഷ്കാരം രണ്ടുദിവസം മുൻപ് ഏർപ്പെടുത്തിയതോടെ റോഡരികിലെ പാർക്കിംഗിനും നിയന്ത്രണമായി. കച്ചേരിമുക്കിലെ എക്സൈസ് ഭൂമി വെട്ടിത്തെളിച്ച് വാഹന പാർക്കിംഗിന് സൗകര്യം ഒരുക്കുന്നത് ഓണക്കാലത്ത് വലിയ ആശ്വാസമാകും. ചന്തമുക്കിലെ നഗരസഭ ഷോപ്പിംഗ് കോംപ്ളക്സ് പൊളിച്ച് നീക്കിയ ഭൂമിയിലും ടാക്സി സ്റ്റാന്റും പാർക്കിംഗ് സൗകര്യവും ആവുകയാണ്. പട്ടണത്തിലെത്തുന്ന സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യത്തിനായി കൂടുതൽ സ്ഥലം കണ്ടെത്താനുള്ള തീരുമാനത്തിലാണ് പൊലീസും നഗരസഭ അധികൃതരും.