കുണ്ടറ: സ്‌കൂൾ പാചകത്തൊഴിലാളി സംഘടന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ കുണ്ടറയിലെ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. സ്കൂൾ പാചക തൊഴിലാളികളുടെ സേവന - വേതന വ്യവസ്ഥകൾ പരിഹരിക്കുന്നതിന് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ നിയോഗിച്ച മിനിമം വേജസ് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന് മൂന്നുവർഷം പിന്നിട്ടിട്ടും നടപ്പാക്കാതെ മരവിപ്പിച്ച നടപടി പ്രതിഷേധാർഹമാണെന്ന് ജില്ലാ കമ്മിറ്റി ആരോപിച്ചു. മിനിമം വേജസ് കമ്മിറ്റിയിൽ അംഗമായിരുന്ന മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ സർക്കാരിൽ സമ്മർദ്ദം ചെലുത്തി റിപ്പോർട്ട് നടപ്പാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
മുക്കടയിൽ നിന്ന് ആരംഭിച്ച പ്രകടനം മന്ത്രിയുടെ ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ എച്ച്.എസ്.എം ദേശീയ നിർവാഹക സമിതി അംഗം നന്ദൻകോട് ശ്രീദേവി ഉദ്ഘാടനം ചെയ്തു. ശ്രീധരൻ തേറമ്പിൽ, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശകുന്തള, കെ.കെ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. എസ്. ശോഭന, ഇന്ദിര മുരളീധരൻ, ലിഷ, രഞ്ജിനി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.