കരുനാഗപ്പള്ളി: നാട്ടുകാരുടെ ഉപരോധ സമരത്തെ തുടർന്ന് വെള്ളിയാഴ്ച ഉച്ചക്ക് 1.30 മണിക്ക് ഷട്ട് ഡൗൺ ചെയ്ത ചവറ കെ.എം.എം.എൽ ഫാക്ടറിയിലെ പ്രധാന പ്ലാന്റ് ഇന്നലെ മുതൽ പൂർണ്ണതോതിൽ പ്രവർത്തിച്ച് തുടങ്ങി.
ഉപരോധ സമരത്തിൽ നിന്നു നാട്ടുകാർ പിൻവാങ്ങിയെങ്കിലും കമ്പനിക്ക് സമീപം റിലേ സമരം തുടരുന്നുണ്ട്. 19ലെ മന്ത്രിയുമായുള്ള ചർച്ചക്ക് ശേഷം സമരത്തിന്റെ ഗതി തീരുമാനിക്കുമെന്ന് സംയുക്ത സമര സമിതി നേതാക്കൾ അറിയിച്ചു.
കമ്പനി കാരണം വാസയോഗ്യമല്ലാതായ പ്രദേശ വാസികളുടെ സ്ഥലം കമ്പനി ഏറ്റെടുക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു ഉപരോധ സമരം. ആഗസ്റ്റ് ഒന്നിന് പുലർച്ച 4 മണിക്ക് ആരംഭിച്ച നാട്ടുകാരുടെ ഉപരോധ സമരത്തെ തുടർന്ന് കമ്പനിയുടെ പ്രവർത്തനം പൂർണ്ണമായും സ്തംഭിച്ചിരുന്നു. എം.ഡി ഉൾപ്പെടെയുള്ള ഒരാളെപ്പോലും അകത്ത് കടക്കാൻ സമരക്കാർ അനുവദിച്ചിരുന്നില്ല. കമ്പനിക്കുള്ളിൽ 400 ഓളം തൊഴിലാളികൾ 48 മണിക്കൂറാണ് കുടുങ്ങിയത്. തുടർന്നാണ് പ്ലാന്റ് ഷട്ട് ഡൗൺ ചെയ്യാൻ തീരുമാനിച്ചത്.
ഈ മാസം 19ന് മന്ത്രിയുമായി ചർച്ച നടത്താൻ ധാരണയായതോടെ ഉപരോധം പിൻവലിക്കുകയായിരുന്നു.
തൊഴിലാളികൾ രാത്രി തന്നെ ജോലിക്ക് എത്തിത്തുടങ്ങി. ഇന്നലെ ഉച്ചയോടെയാണ് പ്ലാന്റ് പൂർണ്ണ നിലയിൽ പ്രവർത്തിച്ച് തുടങ്ങിയത്.