കൊല്ലം: മിൽമ ഏകപക്ഷീയമായി പാൽവില വർദ്ധിപ്പിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ കല്ലട രമേശ് പ്രസ്താവനയിൽ പറഞ്ഞു.
വില വർദ്ധന അനിവാര്യമാണെന്ന് മിൽമ മേഖലാ യൂണിയൻ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അവശ്യവസ്തുക്കളുടെയും കാലിത്തീറ്റയുടെയും വിലയിലുണ്ടായ വർദ്ധനയാണ് ക്ഷീരകർഷകരെ സംരക്ഷിക്കാൻ പാൽ വില കൂട്ടണമെന്ന നിലപാടിൽ മിൽമയെ എത്തിച്ചത്. കാലിത്തീറ്റ, പിണ്ണാക്ക്, ചോളം എന്നിവയുടെ വില ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നുകിൽ സർക്കാർ ഇൻസെന്റീവ് നൽകി കർഷകരെ സഹായിക്കണം. വില വർദ്ധന സംബന്ധിച്ച് ശാസ്ത്രീയ പഠനത്തിന് മിൽമ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോർട്ട് ഒരാഴ്ചക്കകം ലഭിക്കും. അതിനുശേഷം ലിറ്ററിന് എത്ര രൂപ വർദ്ധിപ്പിക്കണമെന്ന കാര്യം സർക്കാരുമായി ആലോചിച്ച് തീരുമാനിക്കും.
വില വർദ്ധപ്പിക്കാൻ കോടതി മിൽമയ്ക്ക് അധികാരം നൽകിയിട്ടുണ്ടെങ്കിലും സർക്കാരുമായി കൂടിയാലോചിച്ചു മാത്രമേ നടപ്പാക്കുകയുള്ളൂവെന്നും കല്ലട രമേശ് പറഞ്ഞു.