കൊല്ലം: പണ്ഡിറ്റ് എൻ.കൃഷ്ണന്റെ 66-ാം ചരമവാർഷികം ഇന്ന് ആചരിക്കും. അന്ത്യവിശ്രമ സ്ഥലമായ ചാത്തന്നൂർ ഊറാംവിളയിൽ ഇന്ന് രാവിലെ അനുസ്മരണം, പുഷ്പാർച്ചന എന്നിവ നടക്കും.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവായിരുന്ന അദ്ദേഹം, അഖിലകേരള പൗരസ്ത്യ ഭാഷാദ്ധ്യാപക സംഘടനയുടെ സ്ഥാപക വൈസ് പ്രസിഡന്റുമായിരുന്നു. ചാത്തന്നൂർ മുളമൂട്ടിൽ വീട്ടിൽ കൊച്ചുകുഞ്ഞിന്റെയും പാർവ്വതിയുടെയും മകനായി 1918 ആഗസ്റ്റിൽ ജനിച്ചു. 1938ൽ തിരുവിതാംകൂർ ഗവൺമെന്റിന്റെ വെർണാക്കുലർ ഹയർ പരീക്ഷ ഒന്നാംക്ലാസോടുകൂടി പാസായി. തുടർന്ന് കല്ലുവാതുക്കൽ യു.പി സ്കൂളിൽ അദ്ധ്യാപകനായിരിക്കെ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്തു. ഭരണകൂടം ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. 1939ൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിൽ അടച്ചു. ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ തിരുനാൾ പ്രമാണിച്ച് രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ചപ്പോൾ ജയിൽ മോചിതനായി. പിന്നീട് പരവൂർ എസ്.എൻ.വി സ്കൂളിൽ അദ്ധ്യാപകനായി. 1944 ൽ മയ്യനാട് ഹൈസ്കൂളിൽ ഭാഷാദ്ധ്യാപകനായി. 1949 ൽ അഖില കേരള പൗരസ്ത്യ ഭാഷാദ്ധ്യാപക സംഘടനയുടെ വൈസ് പ്രസിഡന്റായി. 1953 ഏപ്രിലിൽ ബി.എ ഡിഗ്രി നേടി. 1953ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ പഞ്ചായത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി വിജയിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റായി. സാഹിത്യകാരൻ, വാഗ്മി, മാതൃകാദ്ധ്യാപകൻ, സംഘാടകൻ, സാമൂഹ്യ - രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ ശോഭിച്ചു.
1953 ആഗസ്റ്റ് 5ന് രോഗബാധിതനായി അന്തരിച്ചു. പരേതയായ കെ.എസ്. അരുന്ധതിയാണ് ഭാര്യ. റിട്ട. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ.കെ. ജയശ്രീ ഏക മകളും കേരളകൗമുദിയിൽ നിന്ന് വിരമിച്ച സീനിയർ സബ് എഡിറ്റർ എസ്. രാധാകൃഷ്ണൻ മരുമകനുമാണ്.