കൊല്ലം: സമ്പത്തിനെപ്പോലെ പരാജയപ്പെട്ടവരെ അധികാരസ്ഥാനത്ത് എത്തിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ സി.പി.എം ഇതിനെല്ലാം കനത്ത വില നൽകേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് പന്മന ബ്ളോക്ക് കമ്മിറ്റി സംഘടിപ്പിച്ച ലക്ഷ്യ-2020 ദ്വിദിന നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
മൂന്ന് തവണ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചവർ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മാറി നിൽക്കണമെന്ന സംഘടനാ പ്രമേയം പ്രതിനിധികൾ നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചു.പാർട്ടിയിൽ ഒരാൾക്ക് ഒരു പദവി എന്ന നിർദ്ദേശം പ്രവർത്തകർ പ്രാവർത്തികമാക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
ബ്ലോക്ക് പ്രസിഡന്റ് കോഞ്ചേരിൽ ഷംസുദീന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കെ.സി. രാജൻ, കെ. സുരേഷ് ബാബു, സി.ആർ. മഹേഷ്, പി. ജർമിയാസ്, സന്തോഷ് തുപ്പാശ്ശേരി, കോലത്ത് വേണുഗോപാൽ, വിഷ്ണു വിജയൻ, പന്മന ബാലകൃഷ്ണൻ, പൊന്മന നിശാന്ത്, സി.ആർ. സുരേഷ്, കോയിവിള സുരേഷ്, മോഹൻ കോയിപ്പുറം എന്നിവർ പ്രസംഗിച്ചു.