നാടൻ ഏത്തക്കുല: കിലോയ്ക്ക് 60-70 രൂപ
മറുനാടൻ കുലകൾ: കിലോ 25 രൂപ
മൊത്ത വിപണിയിൽ: കിലോ 20 രൂപ
പത്തനാപുരം: ജില്ലയിലെ വാഴപ്പഴ വിപണി കൈയടക്കി വയനാടൻ കുലകൾ. നാടൻ എത്തക്കുല പച്ചയ്ക്ക് വിപണിയിൽ കിലോ 60 രൂപ മുതൽ ഏഴുപത് വരെയാണ് വില. ഇതിനിടെയാൺ് മറുനാടൻ കുലകൾ കിലോയ്ക്ക് 25 രൂപ നിരക്കിൽ വിറ്റഴിക്കുന്നത്. മാർക്കറ്റുകളിൽ മാത്രമല്ല വഴിയരികിലും വാഹനങ്ങളിലും നാല് കിലോയ്ക്ക് നൂറുരൂപ നിരക്കിൽ വിൽപന പൊടിപൊടിക്കുകയാണ്.
മൊത്തവ്യാപാര കേന്ദ്രങ്ങളിൽ കിലോയ്ക്ക് 20 രൂപ നിരക്കിലാണ് കച്ചവടം. വയനാട്ടിൽ ഏത്തക്കുലയുടെ ഉൽപാദനത്തിൽ വർദ്ധനവുണ്ടായതാണ് വിലക്കുറവിന് കാരണമായത്. കൂടാതെ മൈസൂറിൽ നിന്നും വ്യാപകമായി കുലകളെത്തുന്നുണ്ട്. ഓണവിപണി ലക്ഷ്യമിട്ടാണ് കേരളത്തിലെ കർഷകർ വിളവിറക്കുന്നത്. നാടൻ കായകളുടെ ലഭ്യതക്കുറവാണ് വയനാടൻ കർഷകർ പ്രയോജനപ്പെടുത്തിയത്.
കായ വറുത്ത് വില്ക്കുന്നവർ ഈ അവസരം ശരിക്കും വിനിയോഗിക്കുന്നുണ്ടെങ്കിലും ചിപ്സിന്റെ വിലയിൽ കുറവുണ്ടായിട്ടില്ല. ഓണക്കാലം പ്രതീക്ഷിച്ച് വിളവിറക്കിയ കർഷകർക്ക് വയനാടൻ കുലകൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.