പരവൂർ: കുടുംബ കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ തീർപ്പ് കൽപ്പിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ കുടുംബകോടതികളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ ജഡ്‌ജ് എസ്.എച്ച്. പഞ്ചാപകേശൻ പറഞ്ഞു. പരവൂർ റെയിൽവേ സ്റ്റേഷന് സമീപം പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി IIന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പരവൂരിൽ പുതിയതായി കുടുംബകോടതി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു .
ചടങ്ങിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ്. ശ്രീരാജ് അദ്ധ്യക്ഷത വഹിച്ചു. പരവൂർ മുൻസിഫ് മജിസ്‌ട്രേറ്റ് എച്ച്. റോഷ്‌നി, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ. ഷാനവാസ്, പരവൂർ നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ്, കൗൺസിലർ എസ്. ജയ, പരവൂർ ബാർ അസോസിയേഷൻ സെക്രട്ടറി ബി. ജയേഷ് ചന്ദ്രൻ, അജികുമാർ എന്നിവർ സംസാരിച്ചു. മുൻ പി.എസ്.സി അംഗം ജി. രാജേന്ദ്രപ്രസാദ് സ്വാഗതവും പരവൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് വി.ജി. ബൈജുരാജ് നന്ദിയും പറഞ്ഞു.