കൊല്ലം: മാദ്ധ്യമ പ്രവർത്തകരുടെ തൊഴിൽ സുരക്ഷ ഇല്ലാതാക്കുംവിധം രാജ്യത്തെ തൊഴിൽ നിയമങ്ങൾ മാറ്റി എഴുതുവാനുള്ള ശ്രമം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.യു.ഡബ്ല്യു.ജെ - കെ.എൻ.ഇ.എഫ് ജില്ലാ കോ - ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. രാവിലെ 11ന് ആരംഭിച്ച മാർച്ചിന്റെ ഭാഗമായി ഹെഡ് പോസ്‌റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ യോഗം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്‌തു. പ്രസ് ക്ലബ് പ്രസിഡന്റ് ജയചന്ദ്രൻ ഇലങ്കത്ത് അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമ പ്രവർത്തകരുടെയും ജീവനക്കാരുടെയും സേവന - വേതന വ്യവസ്ഥകൾ നിശ്ചയിക്കുന്ന വേജ് ബോർഡ് സംവിധാനവും വർക്കിംഗ് ജേർണലിസ്‌റ്റ് ആക്ടും ഇല്ലാതാക്കുന്ന നിയമ ഭേദഗതി ഉപേക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ.സുരേഷ് ബാബു, പ്രസ് ക്ലബ് സെക്രട്ടറി ജി.ബിജു, വൈസ് പ്രസിഡന്റ് പി.ആർ.ദീപ്‌തി, ട്രഷറർ പി.എസ്.പ്രദീപ് ചന്ദ്രൻ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം രാജു ശ്രീധർ, കെ.എം.ഹുസൈൻ എന്നിവർ സംസാരിച്ചു.
കെ.എം.ബഷീറിനെ അനുസ്മരിച്ചു
സിറാജ് ലേഖകൻ കെ.മുഹമ്മദ് ബഷീറിന്റെ മരണത്തിൽ കൊല്ലം പ്രസ് ക്ലബ് അനുശോചിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ജയചന്ദ്രൻ ഇലങ്കത്ത് അദ്ധ്യക്ഷത വഹിച്ച അനുശോചന യോഗത്തിൽ കെ.മുഹമ്മദ് ബഷീർ കൊല്ലപ്പെടാനിടയായ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസ് ക്ലബ് സെക്രട്ടറി ജി.ബിജു, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രഞ്ജിത്ത് അന്പാടി, എസ്.മനോജ്, ജന്മഭൂമി ബ്യൂറോ ചീഫ് പ്രശാന്ത് ആര്യ, മാധ്യമം ലേഖകൻ ജെ.സജീം എന്നിവർ സംസാരിച്ചു.