പുനലൂർ: പുനലൂർ ടൗണിൽ ഗതാഗതക്കുരുക്കും അനധികൃത പാർക്കിംഗും തടയാൻ
പൊലീസും ജനപ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് നടപ്പിലാക്കിയ പരിഷ്കരണങ്ങൾ പാളി. ഇതോടെ കാൽനട യാത്രപോലും പാളിയ അവസ്ഥയിലായി ജനം. നഗരസഭ ചെയർമാൻ കെ.രാജശേഖരന്റെ നേതൃത്വത്തിലാണ് കഴിഞ്ഞമാസം യോഗം ചേർന്നത് പുനലർ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ മുതൽ രാംരാജ് ജംഗ്ഷൻ വരെയുളള റോഡിന്റെയും കച്ചേരി റോഡിന്റെയും ഇടതുഭാഗത്തും മാത്രം വാഹനം പാർക്കു ചെയ്യണമെന്നും, ടി.വി ജംഗ്ഷനിലെ അനധികൃത വാഹന പാക്കിഗും പാതയോരം കൈയേറിയുള്ള അനധികൃത വ്യാപാരം അവസാനിപ്പിക്കണമെന്നുമായിരുന്നു യോഗ തീരുമാനം.
കൊട്ടാരക്കര, കൊല്ലം ഭാഗങ്ങളിൽ നിന്ന് പുനലൂർ വഴി അഞ്ചലിലേക്കും മറ്റും പോകുന്ന ചെറിയ വാഹനങ്ങൾ ചെമ്മന്തൂരിൽ എത്തിയ ശേഷം വെട്ടിപ്പുഴയിലെ എം.എൽ.എ റോഡ് വഴി സഞ്ചരിക്കണമെന്നും റെയിൽവേ ഗേറ്റിന് സമീപത്ത് പേപ്പർമിൽ റോഡിലൂടെ കടന്നുപോകുന്ന ജീപ്പ്, ടാക്സി, ബസ് അടക്കമുളള വാഹനങ്ങൾ സമീപത്തെ ഓഡിറ്റോറിയത്തിന് സമീപത്ത് യാത്രക്കാരെ ഇറക്കുകയും കയറ്റുകയും വേണമെന്നും യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ ഒന്നും നടപ്പായില്ല. കാൽനട യാത്രിക്കാർക്കും, വിദ്യാർത്ഥികൾക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്ന പകൽ സമയങ്ങളിലെ കയറ്റിറക്ക് നിരോധിക്കുമെന്നും പറഞ്ഞിരുന്നു. ഇതും പാഴ്വാക്കായി.
എല്ലാം പഴയപടി
തീരുമാനം നടപ്പാക്കാൻ പൊലീസ്, മോട്ടോർ വാഹന വകുപ്പ്, നഗരസഭ തുടങ്ങിയവർ മെനക്കെട്ടില്ലെന്നാണ് ജനങ്ങളുടെ ആരോപണം. എന്നാൽ പത്ര റിപ്പോർട്ടുകളെ തുടർന്ന്
സ്വകാര്യ വാഹനങ്ങൾ രണ്ടുദിവസം റോഡിന്റെ ഒരുവശത്ത് മാത്രം പാർക്ക് ചെയ്തിരുന്നു. നടപടികൾ ഇല്ലെന്ന്ന് മനസിലായതോടെ എല്ലാം പഴയപടിയായി.
കച്ചേരി റോഡിലും, പ്രധാന പാതയിലും അനധികൃത വാഹന പാർക്കിംഗും ഗതാഗത കുരുക്കും രൂക്ഷമായി തുടർന്നിട്ടും ബന്ധപ്പെട്ടപ്പെട്ടവർ നോക്കു കുത്തികളായി മാറുകയാണെന്നാണ് പരാതി.
ടൗണിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. ഗതാഗതക്കുരുക്ക് ഉണ്ടായാലും ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കാറില്ല. ടൗണിൽ ട്രാഫിക് പരിഷ്കരണം നടപ്പിലാകുന്നതോടെ വാഹനയാത്രയ്ക്ക് പുറമേ കാൽ നടയാത്രയും സുഖമായി മാറും. എല്ലാ വർഷവും ട്രാഫിക് പരിഷ്കരണ കമ്മിറ്റികൾ ചേരാറുണ്ടെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല. നഗരസഭ എടുക്കുന്ന ഒരു തീരുമാനവും നടപ്പായിട്ടില്ല. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ശാസ്ത്രീയ നടപടി സ്വീകരിക്കണം
ജി. ജയപ്രകാശ്, പ്രതിപക്ഷ ഉപനേതാവ് പുനലൂർ നഗരസഭ