auto
AUTO

 മീറ്ററുണ്ട് പ്രവർത്തിപ്പിക്കില്ല

 കേടായ മീറ്റർ ഘടിപ്പിച്ച് പറ്റിക്കൽ

 സീൽ ചെയ്യാനെത്താത്ത ഓട്ടോറിക്ഷകളിലേത് പ്രവർത്തിക്കാത്ത മീറ്ററുകളെന്ന് സംശയം

കൊല്ലം: നഗരത്തിലെ 1900 ഓളം ഓട്ടോറിക്ഷകൾ ലീഗൽ മെട്രോളജി വകുപ്പിന്റെ സീൽ പതിക്കാതെ ഒളിച്ചുകളിക്കുന്നു. പേരിന് വേണ്ടി പ്രവർത്തിക്കാത്ത മീറ്ററുകൾ ഘടിപ്പിച്ചിരുന്ന ഓട്ടോറിക്ഷകളാണ് സീൽ പതിക്കാനെത്താതെന്നാണ് സംശയം. നഗരത്തിൽ 4960 സിറ്റി പെർമിറ്റ് ഓട്ടോറിക്ഷകളാണുള്ളത്. ലീഗൽ മെട്രോളജി വകുപ്പ് ഒരുമാസത്തിലേറെ സമയം നൽകിയിട്ടും മൂവായിരത്തോളം ഓട്ടോകൾ മാത്രമാണ് ഇതുവരെ സീൽ പതിച്ചത്.

കഴിഞ്ഞ മാസം ഒന്ന് മുതൽ നഗരത്തിൽ ഓട്ടോറിക്ഷകൾക്ക് മീറ്റർ ചാർജ് നിർബന്ധമാക്കിയിരുന്നു. ഓട്ടോറിക്ഷകളിൽ ഘടിപ്പിച്ചിട്ടുള്ള ഫെയർ കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നതാണെന്ന് ഉറപ്പുവരുത്താൻ സിറ്റി പെർമിറ്റ് ഓട്ടോറിക്ഷകൾക്കായി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. നഗരത്തിന് പുറത്തുള്ള ഓട്ടോറിക്ഷകൾ പോലും ഈ സമയം പ്രയോജനപ്പെടുത്തിയപ്പോഴാണ് 1900 ഓളം ഓട്ടോറിക്ഷകൾ ഒളിച്ചുകളിക്കുന്നത്.

മീറ്റർ ചാർജ് നിർബന്ധമാക്കിയതിന് പിന്നാലെ മോട്ടോർ വാഹനവകുപ്പും പൊലീസും നടത്തിയ പരിശോധനകളിൽ മീറ്റർ പ്രവർത്തിപ്പാക്കാത്തതിന് പുറമേ കേടായവ ഘടിപ്പിച്ചിരുന്ന ഓട്ടോറിക്ഷകളും പിടികൂടിയിരുന്നു. വർക്ക് ഷോപ്പുകളിൽ ആക്രി വിലയ്ക്ക് ലഭിക്കുന്ന മീറ്ററുകളാണ് ഇവയിൽ ഘടിപ്പിച്ചിരുന്നത്.

 യാത്രക്കാരുടെ പരാതി

മീറ്റർ പ്രവർത്തിക്കുന്നില്ലെന്ന കാരണം പറ‌ഞ്ഞ് തങ്ങളിൽ നിന്ന് അമിത നിരക്ക് ഈടാക്കിയതായി ചില യാത്രക്കാർ കഴിഞ്ഞദിവസങ്ങളിൽ മോട്ടോർ വാഹനവകുപ്പിന് പരാതി നൽകിയിട്ടുണ്ട്. നഗരത്തിൽ പുതുതായി എത്തുന്ന യാത്രക്കാർക്ക് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ദൂരം കൃത്യമായി അറിയില്ല. ഇത്തരം യാത്രക്കാരിൽ നിന്നാണ് ഓട്ടോറിക്ഷക്കാർ വൻതുക വാങ്ങുന്നത്. ഈമാസം തന്നെ സീൽ പതിക്കാൻ വീണ്ടും അവസരം നൽകിയ ശേഷം പരിശോധനകൾ കർശനമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.

 സിറ്രി പെർമിറ്റ് ഓട്ടോറിക്ഷകൾ: 4960

 സീൽ പതിച്ചത്: 3000 (ഏകദേശം)

'' വരുംദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കും. ആദ്യഘട്ടമെന്ന നിലയിൽ ചെറിയ പിഴയാണ് ഈടാക്കിയിരുന്നത്. ഇനി മുതൽ മീറ്റർ പ്രവർത്തിക്കാത്തതും പ്രവർത്തിപ്പിക്കാത്തതുമായ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് ലംഘനം ചുമത്തി 2000 രൂപ വരെ പിഴ ഈടാക്കും.''

ആർ. ശരത്ചന്ദ്രൻ(മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർ)